Online TransLiteration by girgit.chitthajagat.in, of http://prathibhasha.blogspot.com/ Disclaimer
You may also see this page in Bangla, Devanagari, Gujarati, Gurmukhi, Kannada, Malayalam, Oriya, Roman(Eng), Tamil, Telugu

gfc

മധ്യേയിങ്ങനെ

അച്ഛന് നോക്കുന്നു
നോട്ടം ഒരു നദി
അതെന്റെ നേരെ കുതിച്ച്
എന്നെ പറിച്ചെടുത്ത്
പ്രകാശവേഗത്തില്
തിരിച്ചൊഴുകുന്നു.

അച്ഛന്റെ കണ്ണില് നിന്ന്
അച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അവിടെ നിന്ന്
അച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അനാദിയായ വെള്ളച്ചാട്ടത്തിലേക്ക്
എടുത്തെറിയപ്പെടുന്നു വെറുമൊരു മത്സ്യം

ഒരു നോട്ടത്തില്
എത്ര തലമുറ പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുന്നു
അല്ലെങ്കില് ,
എത്ര തലമുറ പിന്നിലെ ഒരു നോട്ടമാണ്
ഇപ്പോള് അച്ഛന്റെ കണ്ണില് .
അച്ഛന്റെ പിന്നില് വരിപാലിച്ച് ഒളിച്ച് നില്ക്കുന്നു
അച്ഛന്റച്ഛന്
അതിനു പിന്നില്
അച്ഛന്റച്ഛന്റച്ഛന്
അതിനു പിന്നില്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്
അതിനു പിന്നില്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്
അതിനു പിന്നില്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭൂതകാലങ്ങളുടെ തുടക്കമറിയില്ല
പിതാക്കന്മാരുടെ കണ്ണില് നിന്ന്
പ്രപിതാക്കന്മാരുടെ കണ്ണിലേക്ക് എറിയുമ്പോള്
ലോകം മാറിക്കൊണ്ടിരിക്കുന്നു
ഭൂമി പച്ചച്ച് പച്ചച്ച് കൂടുതല് പച്ചച്ച് വരുന്നു
നദികളില് വെള്ളം കൂടിക്കൂടി വരുന്നു
ഇല്ലാതായ പക്ഷികളും മൃഗങ്ങളും എഴുന്നേറ്റുവരുന്നു
മനുഷ്യഭവനങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരുന്നു
മനുഷ്യരുടെ എണ്ണം തന്നെ കുറഞ്ഞുകുറഞ്ഞുവരുന്നു
ഞാന് പുറകോട്ട് പുറകോട്ട് ഒഴുകുന്നു.

മകന് നോക്കുന്നു
അളന്നെടുക്കുന്ന ആ നോട്ടത്തിലുണ്ട് മറ്റൊരു നദി
അതെന്നെ പറിച്ചെടുത്ത്
അവനു പിറക്കേണ്ടുന്ന മകന്റെ കണ്ണിലേക്ക് അതിവേഗം കുതിക്കുന്നു
അവിടെ നിന്ന്
മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
അങ്ങനെ അനന്തതയിലേക്ക്
മകന്റെ പിന്നില് അനന്തമായ തലമുറകള് ഒളിച്ചുനില്ക്കുന്നു
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭാവികാലങ്ങളുടെ ഒടുക്കമറിയില്ല
കണ്ണുകളില് നിന്ന് കണ്ണുകളിലേക്ക് എറിയുമ്പോള്
ലോകം മാറിക്കൊണ്ടേയിരിക്കുന്നു
ഭൂമിയുടെ പച്ചപ്പ് കുറഞ്ഞുകുറഞ്ഞുവരുന്നു
നദികള് വറ്റിവറ്റിത്തീരുന്നു
വീടുകള് കൂടിക്കൂടി ഭൂമിയുടെ ഉപരിതലം നിറയുന്നു
കെട്ടിടങ്ങള്ക്ക് ഉയരംവെച്ചുകൊണ്ടിരിക്കുന്നു
ആളുകളുടെ എണ്ണം കൂടിക്കൂടിവരുന്നു
ഞാന് അനന്തതയിലേക്ക് ഒഴുകുന്നു

ഞാന് നിന്നിടത്ത് നില്ക്കുന്നു
എന്നിട്ടും രണ്ടുവശങ്ങളിലേക്കും കുതിക്കുന്നു
എന്റച്ഛനും എന്റെ മകനും എന്നെ നോക്കുന്നു
അവരുടെ നോട്ടങ്ങള്ക്ക് എന്നെ പറിച്ചെടുത്തു കൊണ്ടുപോവാന് കെല്പ്പുണ്ട്
എന്റെ നോട്ടത്തിനില്ല.
ഞാന് തലമുറകള്ക്കിടയിലെ വിടവ്
തലമുറകള്ക്കിടയിലെ ഒരേയൊരു കുറ്റം.

അവന് അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില് കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
ഓരോ നിമിഷവും മാറ്റി വരയ്ക്കുന്നു
അതിവിശാലമായ ക്യാന്വാസില്
ചുറ്റുമുള്ള പ്രകൃതിയെ ആളുകളെ കിളികളെ ഒച്ചകളെ ഒക്കെ
മാറ്റി വരച്ചുകൊണ്ടിരിക്കുന്നു.
അവന്റെ ചിത്രമാണ് ഞാനെന്നോര്മിക്കാതെ
ഞാനും വരച്ചുകൊണ്ടിരിക്കുന്നു
എന്റെ അതിമോഹത്തെ നിയന്ത്രിക്കാന്
അവന് പാടുപെടുന്നു

വാകമരങ്ങളില് ചുവന്ന പൂക്കളെ വരച്ചുചേര്ക്കുന്നു
മഴയുടെ ബ്രഷ് കൊണ്ട് മുറ്റമാകെ പച്ചപ്പുല്ലുകള് വരയ്ക്കുന്നു
മരങ്ങളുടെ ഇലകളെ നനച്ച് തുടച്ച് പ്രകാശിപ്പിക്കുന്നു
ശിഖരങ്ങളെ ചെമ്പന്പൂപ്പലുകളുടെ കയ്യുറകള് ഇടുവിക്കുന്നു.
വേനല്വെയിലെന്ന ടൂളിനാല് ആകാശം തുടച്ചുതുടച്ച് ഇളം നീലയാക്കിയെടുക്കുന്നു
മഴപെയ്യുമിറയത്ത് നിമിഷാര്ദ്ധം നില്ക്കുന്ന
ജലദളങ്ങളുള്ള പൂവുകള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

അവന് വരച്ചവയെ ഞാന് മാറ്റിവരയ്ക്കുന്നു
മഞ്ഞുകാലത്തെ പ്രഭാതങ്ങളില് വായ തുറന്ന് പുകയൂതിക്കൊണ്ടിരിക്കുന്ന മലകളെ
മുത്തച്ഛന്റെ ഛായയില് മാറ്റിവരയ്ക്കുന്നു
അതിരുകളില് അവന് വരച്ച മേഘങ്ങളെ ചിറകുകളാക്കി മാറ്റിവരച്ച്
സമതലത്തെ മാന്ത്രികപ്പരവതാനിയാക്കുന്നു
മലകള്ക്കിടയില് മൈലാഞ്ചിയിട്ട് ചെമ്പിപ്പിച്ച മുകള്ത്തലപ്പുള്ള കാറ്റാടിക്കാടുകള് നീക്കി
എന്റെ കാമുകിയുടെ ഭഗരോമങ്ങള് വരച്ചുചേര്ക്കുന്നു
അവന്റെ വെള്ളച്ചാട്ടങ്ങളെ ഞാന് അടിയുടുപ്പുകളിലേക്ക് ഇറങ്ങിവരുന്ന
കഞ്ചാവുപുകയാക്കിത്തീര്ക്കുന്നു
കുളങ്ങള്ക്കു മീതെ തെന്നിപ്പറക്കുന്ന തുമ്പികളെ
കൃസരികള്ക്കു മുകളില് തെന്നുന്ന വിരലുകളാക്കിമാറ്റുന്നു
പറക്കുന്ന ശലഭങ്ങളെ പറക്കുന്ന യോനികളാക്കി മാറ്റുന്നു
അവന് വരച്ചുവെച്ച മഴവില്ല് ഒരു കുഞ്ഞുപെണ്കുട്ടിയുടെ മുടിക്കാവടിയാല് റദ്ദു ചെയ്യുന്നു
നിശാകാശത്ത് അവന് വരച്ചുവെച്ച നക്ഷത്രങ്ങളെ മിന്നാമിനുങ്ങുകളായ് ഊതിപ്പറപ്പിക്കുന്നു
അവന് അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില് കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
എന്റെ മുടിയിഴകള് അവന് മായ്ക്കുന്നു
എന്റെ കണ്പീലികള് വെളുപ്പിക്കുന്നു
എന്റെ മൃദുലമായ തൊലി ചുളിക്കുന്നു
എന്റെ ചലനശേഷി തിരിച്ചെടുക്കുന്നു
മാറ്റിവരയ്ക്കാനുള്ള എന്റെ മോഹം മാത്രം
മാറ്റിവരയ്കാനാവാതെ അവന്റെ ബ്രഷ് തളരുന്നു
ഒടുക്കം തിരമാലകളുടെ മുത്തുപിടിപ്പിച്ച വക്കുകള് ഉയര്ത്തി അവന് വിളിക്കുന്നു
ഒറ്റത്തോണിയില് ചെന്ന് ചക്രവാളത്തിലെ ചുവന്ന പൊട്ടും
വെളുത്ത പക്ഷികളെയും മാറ്റിവരയ്ക്കാന് ...

ദ്വാരകാബാര്

ഓരോരോ ഞാനുകള് വരുന്നു
ഓരോരോ ഞാനുകള് പോവുന്നു
ഇരുപത്തൊന്നു മേശകള്
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്

-ഞാമ്പറഞ്ഞാ അവനല്ല അവന്റപ്പന് കേക്കും
-ഞാന് വരയ്ക്കുന്ന മാതിരി കേരളത്തില് ഒരു മൈരനും വരയ്കില്ല
-ഞാന് നിങ്ങക്കൊരു പൈന്റു കൂടി വാങ്ങിത്തരും ങാ ഹാ...
-ഞാനൊക്കെ പൂശിയത്ര പെണ്ണുങ്ങളെ നീയൊക്കെ...

ഒന്നാമത്തെ ഞാന് പത്തി വിരിക്കുന്നതിന് അല്പം മീതെ
രണ്ടാമത്തെ ഞാന് പത്തി വിരിക്കുന്നു
അതിന് മീതെ മൂന്നാമത്തെ ഞാന് പത്തി വിരിക്കുന്നു
അതിനും മീതെ നാലാമത്തെ ഞാന് പത്തി

ഞാന്
ഞാന്
ഞാന്
ഞ്യാന്

ഇരുപത്തൊന്നു മേശകള്
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്
ഓരോ മേശയുടെ കരയിലും
താമരപ്പൂകണക്ക് വര്ണവെളിച്ചപ്പൂവുകള്
അസ്സല് താമരക്കുളം
മീനുകളുടെയോ
തവളകളുടെയോ
നീര്ക്കോലികളുടെയോ
തലകള് കണക്കിന്
ഓരോ മേശയ്ക്കു ചുറ്റിലും
പൊന്തുന്നു ഞാന് തലകള് .

ഒടുക്കം എല്ലാ ഞാനുകളും
വിസര്ജ്ജിച്ച മേശപ്പുറങ്ങള്
ഒരു ഞാനുമില്ലാത്ത ഒരുത്തന്
തുടച്ചുവൃത്തിയാക്കി അകത്തേക്ക് പോവുന്നു
ഞാനുകള് ഒന്നൊന്നായി
നഗരവനത്തിലേക്ക്

പ്രേമപ്പഴഞ്ചരക്ക്

ആകാശം ഒരു നീലചിത്രം
മേഘങ്ങളുടെ ഉടുപ്പുകള് ഊരിയെറിഞ്ഞും
പക്ഷികളുടെ റിങ്ടോണുകളുള്ള
മൊബൈല് ഫോണുകള് വലിച്ചെറിഞ്ഞും
രണ്ട് നീല ഉടലുകള് ഒരു നാണവുമില്ലാതെ
ദോണ്ടെ അവിടെക്കിടന്ന്,നമ്മുടെ മുന്നീക്കിടന്ന്
ഇണ ചേരുന്നു.
എനിക്ക് കമ്പിയായിട്ട് മേല
നിനക്കും അങ്ങനെയെന്ന് കരുതുന്നു
'പിന്നല്ലാതെ' എന്ന് നീയിപ്പോള് ഉറപ്പിച്ചുപറയും.

മുള്ളെടുക്കുമ്പോള് അമ്മ പറയും
ദൂരെ ഇലകളിലേക്ക് നോക്കാന് .
ആര്ക്ക് ഏത് മുള്ളെടുക്കാനാണ്
ദൂരെ നിന്റെ കാണാത്ത മുഖത്തോട്ട്
ഞാന് നോക്കിയിരിക്കുന്നത് എന്റെ പച്ചിലേ?

പ്രണയം ചിലപ്പോള് വിശ്വസിക്കാവുന്ന ഒരു നുണയാണ്.
ഒരുപറ്റം സങ്കടങ്ങള് പറന്നിറങ്ങുന്ന പച്ചപ്പുല്മേടാണ് ഞാന് .
സങ്കടങ്ങളെ ഞാന് സന്തോഷമെന്ന് വിളിച്ച് നിരന്തരം കളിയാക്കും
നാണംകെട്ട് അവ എന്നില് നിന്ന് ഓടിപ്പോകും.
അവയ്ക്ക് അവയുടെ അസ്തിത്വത്തില് വിശ്വാസമുണ്ട്.

പ്രണയമേ നീയില്ലായിരുന്നെങ്കില്
ഭൂമി ഒരു അനാഥഗ്രഹമായേനേ എന്ന്
ഞാന് നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
അത് വായിച്ച് നീ ഒരു വളി വിടുന്നു
എന്റെ വ്യാജ വള്ളുവനാടന് കാല്പനികത
ലജ്ജിച്ച് കുളിക്കാന് പോകുന്നു.
അവള് കുളിക്കും കുളക്കടവില് എന്ന പാട്ട് വെച്ച്
ചരിത്രത്തില് ആരോ ഉറങ്ങിപ്പോയിരിക്കുന്നു.

നിശ്ശബ്ദതയുടെ മഷി കൊണ്ട്
എല്ലാ വികാരങ്ങളേയും എഴുതുന്നു
മലഞ്ചെരിവിലെ മരങ്ങളുടെ പെന്സില് മുനകള് .
ജനല്സീറ്റുകളിലിരുന്ന് യാത്ര ചെയ്യുമ്പോള്
അതുങ്ങളുടെ കരച്ചില് കാറ്റത്തുവന്നുതൊടും.
വേദനയുടെ മുഖത്ത് ഞാന് കാര്ക്കിച്ച് തുപ്പും.

ക്രൂരതയുടെ കണ്ണുകള് എവിടെ നിന്നും തുറക്കും
അതിന് ശരീരമില്ല.
ഉള്ളവരുടെ ശരീരത്തില് കടന്നുകൂടി
അവരുടെ കണ്ണുകളിലൂടെ അത് അതിന്റെ കണ്ണുകള്
പുറത്തേക്ക് തള്ളിപ്പിടിക്കും..
ഏറ്റവും പ്രിയപ്പെട്ടവരുടെ കണ്ണുകളില്ക്കൂടിപ്പോലും
അതിന്റെ കണ്ണുകള് തിളങ്ങുന്നത് ഞാന് കണ്ടിട്ടുണ്ട്.

സന്തോഷിക്കാന് യാതൊന്നുമില്ലെങ്കില്
ഞാനെന്നെ കൂട്ടിക്കൊണ്ടുപോയി
മറവിയിലേക്ക് തള്ളിയിടും.
മറവി കുടിച്ച്
മറവി തിന്ന്
മറവിയായി വളര്ന്ന്
മറവിയായി മരിക്കാന്
എല്ലാവരും അവനവനെ ഉന്തിയിടാന് വന്ന
മലമുകളില് നിന്ന്
ഞാന് ഒരു ഉദയം കാണുന്നു.
ഒരു സിന്ദൂരപ്പൊട്ട് കാണുന്നു.
വെളുത്ത പക്ഷികളുടെ മാടിവിളിക്കുന്ന കൈകള് കാണുന്നു.
സത്യം നമുക്കറിയുവാന് മാര്ഗമില്ല.
നമുക്ക് വേണ്ടതിനെ നമുക്ക് സത്യമെന്ന് വിളിക്കാം.
അതുകൊണ്ട് ഞാന് നിന്നെ വിശ്വസിക്കുന്നു.
നിന്നെ മാത്രം വിശ്വസിക്കുന്നു

ഈ നീലചിത്രം എനിക്കിനി കാണുവാന് വയ്യ.
നമുക്ക് കെട്ടിപ്പിടിച്ചുരുളുവാന്
ഭൂമിയിലെ എല്ലാ ഉദ്യാനങ്ങളും നദികളും വിരിച്ചിടുവാന്
ദൈവത്തിന് ഒരു എസ്.എം.എസ് അയച്ചിട്ടുണ്ടെന്ന്
നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
നീ അത് വായിച്ച് വീണ്ടും കാല്പനികതയ്ക്കു നേരെ ഒരു വളി വിടുന്നു.

നിന്റെ മുലകളെ അനുകരിച്ച്
കുന്നുകള് മരങ്ങളെ ഒന്നാകെ പൂവിടുവിച്ച്
നിറംവെച്ചിരിക്കുന്നു.
നിന്റെ മുലഞെട്ട് ഒരു പിങ്ക്പൂമരം
ഉമ്മവെക്കുവാന് ഞാന് അടുക്കുമ്പോള്
എന്റെ അദൃശ്യമായ മൂക്കില് നിന്ന് പുറപ്പെടുന്ന ജീവവായുവില്
അതിന്റെ ഇലകളും പൂക്കളും
അത്യാഹ്ലാദത്താല് പിടയ്കുന്നു.

എന്റെ പ്രേമപ്പഴഞ്ചരക്കുമായി വരുന്ന ഒരു ലോറി
നിയന്ത്രണം കിട്ടാതെ നിന്നിലേക്ക് മറിയുന്നു
നീ അതേ കിടപ്പ് കിടക്കുന്നു,ഞാനും.

പട്ടാപ്പകല് 11.30 ന് അഥവാ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് 60 കിലോമീറ്റര് സ്പീഡില് ഒരു കവിത

പട്ടാപ്പകല് 11.30 ന്
ഞങ്ങള് ഒരു തുറന്ന ജീപ്പില് പുറപ്പെട്ടു
ഞങ്ങളുടെ ഡ്രൈവര് ഞങ്ങളെ നോക്കുകില്ല
എന്ന ഉറപ്പില്
ഞങ്ങള് ഞങ്ങളുടെ തുണികളൊക്കെ ഊരി
വണ്ടിയുടെ ചുറ്റുമുള്ള കമ്പികളില് കെട്ടിയിട്ടു
വണ്ടി ഒരു അറുപതു കിലോമീറ്റര് സ്പീഡില് വിട്ടു
പോകുന്ന വഴിക്ക് നാല് കവലയുണ്ട്
വേണമെങ്കില് കവലയുടെ എണ്ണം കൂട്ടാം
കാറ്റ് ഞങ്ങളെ അടിച്ച് പിന്നോട്ട്
കാറ്റത്ത് എന്റെ പാന്റ്സും അവളുടെ ചുരിദാറും പിന്നോട്ട്
ഞാനും അവളും കെട്ടിപ്പിടിച്ച് കൂക്കിവിളിച്ചു
ഡ്രൈവര് തിരിഞ്ഞുനോക്കിയോ?
നോക്കിയാല് ഞങ്ങള്ക്ക് പുല്ലാണ്
ഞങ്ങള് ചൂളമടിച്ചു
പാട്ടുപാടി
അലറി
വഴിയിലുള്ള മരങ്ങളെ മുഴുവന് പേരെടുത്തുവിളിച്ചു
പ്ലാവേ മാവേ കാറ്റാടീ
കള്ളക്കശുമാവേ മൈരന് റബറേ
എന്നിങ്ങനെ അന്നോളം ആരും വിളിക്കാത്തത്ര സ്നേഹത്തില്

ഒന്നാമത്തെ കവല വന്നു
കവലയില് ആളുകള് എന്തൊക്കെ ചെയ്യും
അല്ല,എന്തൊക്കെ ചെയ്യണം?
ഒരുത്തി,അല്ലല്ല,കുറേ ഒരുത്തികള്
പച്ചക്കറി വാങ്ങിച്ച് നില്ക്കട്ടെ
ഇറച്ചിക്കടക്കാരന് ഇറച്ചിവെട്ടട്ടെ
ഓട്ടോ ടാക്സിക്കാര് പതിവുപോലെ
വായും പൊളിച്ച് നില്ക്കട്ടെ
ബസ്സ്റ്റോപ്പില് കോളേജ് പിള്ളേര്
മൊബൈല് ഫോണ് ചെവിയിലമര്ത്തി
ചിരിച്ചും പറഞ്ഞും ചുവക്കട്ടെ
ഞങ്ങളുടെ വണ്ടി പരമാവധി വേഗത കുറയ്ക്കുന്നു
കവല മുഴുവന് ഞങ്ങളെ നോക്കുന്നു
ഞങ്ങള് ഫുള്ഡാന്സാണ്.
നോക്കിനില്ക്കുന്ന അമ്മാവന്മാരെ നോക്കി പൂരപ്പാട്ടാണ്.
അവളുടെ ബള്ബ് കണ്ട് ചില വല്യപ്പന്മാര് നാക്ക് നീട്ടുന്നുണ്ട്
എന്റെ മുരിങ്ങക്കായ കണ്ട് ചില അമ്മായിമാര് കണ്ണുപൊത്തുന്നുണ്ട്
ഒലക്കേടെ മൂട്
കോപ്പിലെ സദാചാരം
വണ്ടി പെട്ടെന്ന് വേഗത കൂട്ടി ഒറ്റപ്പോക്കാണ്
ഒരു കവല ഒന്നാകെ ഷോക്കടിച്ച് നില്പ്പാണ്
എന്തോ ഒരു മൈര് തലയ്ക്കു ചുറ്റും കറങ്ങുമ്പോലെ
എല്ലാവര്ക്കും തോന്നുകയാണ്.
ഞങ്ങടെ ഡ്രൈവര് നല്ല വിടല് വിട്ടു
അവളെന്നെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും കടിച്ചു
അടുത്ത കവലയിലും ഇങ്ങനെതന്നെ ചെയ്തു
പ്രേമം മൂത്ത് ആ കവല
ഞങ്ങടെ പിന്നാലെ കുറച്ചുദൂരം ഓടി
ഞങ്ങളെ ജയിക്കാന് പറ്റുമോ
ഞങ്ങള് നല്ല വിടല് വിട്ടു
മുരിങ്ങക്കായ കാട്ടി വിരട്ടി
മൂന്നാമത്തെ കവല കല്ലെറിഞ്ഞു
നാലാമത്തെ കവല പിടിച്ചുവെച്ച്
ഞങ്ങള് മൂന്നെണ്ണത്തിനേം
നല്ല ചാര്ത്ത് ചാര്ത്തി
ഫുട്ബോള് തട്ടുമ്പോലെ തട്ടി
കയ്യും കാലും പിടിച്ച് ഒരു വിധം കഴിച്ചിലായി.

ലക്ഷ്യസ്ഥാനത്തെത്തിയപ്പോള് അവള്ക്കൊരു സംശയം.
അല്ല,കുട്ടാ...നമ്മളീ കാട്ടിയതൊക്കെ
ആരെങ്കിലും കണ്ടോ?
ഞാന് ആലോചിച്ചുനോക്കി
പിന്നെയും ആലോചിച്ചുനോക്കി
ഹേയ് ആരും കണ്ടിട്ടില്ലാ മോളേ.
ഉറപ്പുവരുത്താന്
ഒന്നാമത്തെ കവലയിലേക്ക് ഫോണ് ചെയ്തു
അവരാരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
രണ്ടാമത്തെ കവലയിലേക്ക് ഫോണ് ചെയ്തു
അവരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
മൂന്നാമത്തെയും നാലാമത്തെയും
കവലയിലേക്ക് ഫോണ് ചെയ്തു
അവരും അതു തന്നെ പറഞ്ഞു
എന്നാപ്പിന്നെ നമുക്ക് ഒന്നുകൂടിപ്പോയാലോ
എന്നായി അവള്
തിരിക്കെടാ വണ്ടി
ഞങ്ങള് അലറി
വണ്ടി തിരിഞ്ഞു
നാലാമത്തെ കവല ഒന്നാമത്തെ കവലയെപ്പോലെ
ഞങ്ങളെ സ്വീകരിച്ചു
മൂന്നാമത്തെ കവല രണ്ടാമത്തെ കവലയെപ്പോലെ
പിന്നാലെയോടി
രണ്ടാമത്തെകവല കല്ലെറിഞ്ഞു
ഒന്നാമത്തെകവല പിടിച്ചുവെച്ച് ചവിട്ടിക്കൂട്ടി
കയ്യുംകാലും പിടിച്ച് രക്ഷപ്പെട്ടു.
ഒടുവില് തുടങ്ങിയ സ്ഥലത്ത് എത്തി
അപ്പോള് അതേ സംശയം
അവള് വീണ്ടും ചോദിക്കുകയാണ്
അല്ല ,കുട്ടാ...
ഞാന് വീണ്ടും ഫോണ് ചെയ്യുകയാണ്
ആരും ഒന്നും കണ്ടില്ലെന്ന് ആവര്ത്തിക്കുകയാണ്
എന്നാപ്പിന്നെ വിഡ്രാ വണ്ടി...
ഞങ്ങടെ വണ്ടി ഇതാ കൂക്കിവിളിച്ചുവരുന്നു
മരങ്ങളേ മലകളേ
മാറിനിക്കിനെടാ...കൂൂൂൂൂൂൂൂയ്

നോക്കിനോക്കി നില്ക്കുമ്പോള്

.അനേകം വേട്ടക്കാരില്

ഒരുവന് മാത്രമാണ് ഞാന്

ഞങ്ങള് ഓടുകയാണ്

ഞങ്ങളുടെ നായ്ക്കള്

കുരച്ചുകൊണ്ട് മുന്നില്

കാടുകള്ക്കും തോട്ടങ്ങള്ക്കുമിടയിലൂടെ

ഞങ്ങളുടെ ഓട്ടം.

ഞങ്ങളുടെ കൈയില്

നെടുങ്കന് വില്ലുകള്

അമ്പുറയില് അമ്പുകള്

ഞങ്ങള് ഒരേതരത്തില്

ഒച്ചയുണ്ടാക്കി ഓടുന്നു

ഞങ്ങളുടെ ബലിഷ്ഠമായ കാലുകള്

എല്ലാ മുള്പ്പൊന്തകളേയും

ചവിട്ടി ഓടുന്നു

ചാവക്കാടുകളില് നിന്ന്

മുയലുകള് പിടഞ്ഞോടുന്നു

ഞങ്ങളുടെ നായ്ക്കള്

ഏതുമുയലിനെയും പിടിക്കും

അവ മണത്തുമണത്തു കണ്ടെത്തുന്നു

അവ മുയലുകളെ ഓടിച്ചോടിച്ച് തളര്ത്തുന്നു

വില്ലുകളില് നിന്ന് അമ്പുകള് പാഞ്ഞുപോവുന്നു

കാട്ടുമുയലുകള് പിടഞ്ഞുവീഴുന്നു



ഞങ്ങള് മല കയറുന്നു

ഞങ്ങളുടെ കൈയില് വില്ലുകള്

പിടിക്കപ്പെട്ട മുയലുകള്

ആര്പ്പുവിളികള്

അമ്പുകുത്തിമലയുടെ ന്ന അരികിലൂടെ

ഞങ്ങള് കയറിക്കയറിപ്പോവുകയാണ്.

കാടുമുഴുവന് താഴ്വരയില്

ഞങ്ങളെ നോക്കിനില്ക്കുകയാണ്

അനേകം പാടങ്ങള്ക്കും വീടുകള്ക്കുമപ്പുറത്തുള്ള കുന്നില്

നിങ്ങളും നോക്കിനില്ക്കുകയാണ്

നിങ്ങള് അഞ്ചുപേരും നോക്കി നില്ക്കുകയാണ്

പക്ഷേ നിങ്ങള് ഞങ്ങളെ കാണുന്നില്ല

കാരണം,ഞങ്ങള് നൂറ്റാണ്ടുകള്ക്കപ്പുറത്തെ

ഒരു ദിവസമാണ് ഇങ്ങനെ മലകയറിപ്പോകുന്നത്.

കഴിഞ്ഞുപോയ സമയങ്ങളിലേക്ക്

നിങ്ങളുടെ കണ്ണുകള് കുതിരയോടിച്ച് പോകുന്നു

കാടുകളും കാട്ടുപുഴകളും കടക്കുന്നു

മലയതിരില് ഞങ്ങളുടെ വരി കാണുന്നു

നിങ്ങളുടെ കുന്നിന്പുറത്തിരുന്ന്

വിസ്മയത്തോടെ കാണുന്നു

മലയതിരിലൂടെ ഞങ്ങള് നടന്നുപോവുന്നു

ഞങ്ങളുടെ കൈയില് വില്ലുകള്

ഞങ്ങളുടെ കൈയില് തൂക്കിപ്പിടിച്ച മുയലുകള്

നടന്നു തീരാത്ത ഞങ്ങള്

ഞങ്ങളുടെ ബലിഷ്ഠമായ കാലുകള്

നിങ്ങള് ഞങ്ങളെത്തന്നെ നോക്കിനോക്കി നില്ക്കുന്നു

അങ്ങനെ നിന്ന നില്പ്പില്

ഞങ്ങള് നിങ്ങളുടെ നേരെ ഓടിവരുന്നതു കാണുന്നു

നിങ്ങള് അഞ്ചുപേരും കൂടുതല് വിസ്മയത്തിലാവുന്നു

ഞങ്ങള് ഓടി വരുന്നു

ഞങ്ങളുടെ വേട്ടനായ്ക്കള് മുന്നില് കുതിച്ചുവരുന്നു

ഞങ്ങളുടെ ചെകിടടപ്പിക്കുന്ന ആര്പ്പുവിളികള്

നിങ്ങളുടെ അടുത്തേക്ക് വരുന്നു

ഓടുമ്പോള് വികസിക്കുന്ന ഞങ്ങളുടെ നെഞ്ച്

രക്തം കുതിക്കുന്ന ഞരമ്പുകളുള്ള കാലുകളുടെ പാച്ചില്

നിങ്ങളുടെ അടുത്തേക്കടുത്തേക്ക് വരുന്നു

ചാവക്കാടുകള്ക്ക് മീതെ കുറേ കൈകളും

കാലുകളും നായ്ക്കളും മാത്രം പാഞ്ഞുവരുന്നു ഇപ്പോള്..

ഒന്നൊന്നായി അമ്പുകള് വന്നുതറയ്ക്കുന്നു നിങ്ങളെ

പാറയുടെയോ മരങ്ങളുടെയോ ജലാശയത്തിന്റെയോ

പ്രാചീനമായ ഒരു ജൈവഗന്ധം നിങ്ങളെ മൂടുന്നു

നായ്ക്കള് കുരച്ചും മണത്തും നിങ്ങളുടെ ചുറ്റും നടക്കുന്നത്

ബോധമില്ലാഞ്ഞിട്ടും നിങ്ങള് അറിയുന്നു..

പഴയമട്ടില് ഒരു കവിത

രാത്രി എത്ര കെട്ടിപ്പിടിച്ചാലും
പ്രഭാതം പിടിവിടുവിച്ച് ഉണര്ന്ന് എഴുന്നേല്ക്കും
മുറ്റം തൂക്കും ,ചായ വെക്കും
കിളികളുടെ പാട്ട് വെക്കും’
എല്ലാ ഇലകളും മഞ്ഞ് വീഴ്ത്തി കഴുകിവെക്കും
വഴിയോരങ്ങള്ക്ക് കാണാന് പാകത്തില്
പൂക്കളെ വിടര്ത്തിനിര്ത്തും
... എല്ലാം ഒരുക്കിവെച്ച്
തണുത്ത കാറ്റിന് കൈകളാല്
തലോടി വിളിക്കും

വിളികേട്ട് ഉണര്ന്നവന്
സുന്ദരമായ പ്രഭാതത്തിലൂടെ
ബൈക്കെടുത്തു പോവുന്നു
കിളിയൊച്ചകള് അവനെ വരവേല്ക്കുന്നു
പൂക്കളുടെ ചിരികള് അവന് എറ്റുവാങ്ങുന്നു
പ്രഭാതസവാരിക്കു പോവുന്ന സുഹൃത്തിനോട്
ഒന്നോ രണ്ടോ പറഞ്ഞ് കുത്തിമലര്ത്തി
ബൈക്കില് ചീറിപ്പാഞ്ഞുപോകുന്നു

ഒരു വാഹനവും വരാത്ത റോഡിന്റെ കറുത്ത വിരിപ്പില്
ചോരയുടെ ചുവന്ന പൂവുകള് നെഞ്ചത്തുവെച്ചുള്ള
അയാളുടെ അവസാനത്തെ ഉറക്കത്തിനുപോലും
ഈ പ്രഭാതത്തിന്റെ ഭംഗി കെടുത്തരുതെന്നുണ്ട്
കിളികള് പാട്ടുനിര്ത്തുന്നില്ല.
പൂക്കള് അവയുടെ നിഷ്കളങ്കമന്ദഹാസം
അവസാനിപ്പിക്കുന്നില്ല
കാറ്റിന്റെ ഒന്നും സംഭവിച്ചിട്ടില്ലെന്ന
തണുത്ത തലോടല് എല്ലായിടത്തുമുണ്ട്.

നഗരമേ...

എന്തും സംഭവിക്കാവുന്ന ആ രാത്രി

എന്തെങ്കിലും സംഭവിപ്പിക്കുന്നതിനുവേണ്ടി

ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തിലെ

എല്ലാ വീടുകളില് നിന്നും

എല്ലാ മനുഷ്യരുടെയും

നാവുകള് പുറത്തേക്ക് നീണ്ടു നീണ്ടു വന്നു.

വാതിലോ ജനാലയോ തുറന്ന്

പുറത്തേക്ക് എത്തിനോക്കി.

‘പൂമുഖക്കിളിവാതില് അടയ്ക്കുകില്ല

കാമിനീ നിന്നെ ഞാന് ഉറക്കുകില്ലാ’

എന്നൊരു റേഡിയോ ഗാനം വെച്ച് ആരോ അപ്പോള്

ഉറങ്ങിപ്പോയിരുന്നു

അത് കേട്ട് അവയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു

നേരിയ നിലാവില്

കയറിയിറങ്ങുന്ന കാറ്റ് അതിലൊന്നിനെക്കണ്ട്

കുറച്ചുനേരം മിണ്ടാതായി.

മരങ്ങളെക്കണ്ടും നിലാവു കണ്ടും കൊതിപൂണ്ട

അവ സ്വന്തം വീട്ടുമുറ്റത്തെ വിജനതയില്

സര്പ്പിളാകൃതിയില് മുകളിലേക്ക്

വളഞ്ഞുവളഞ്ഞുയര്ന്ന്

പുതിയതരം ഒരു മരമെന്ന് നടിച്ചു

അവയുടെ മുകളറ്റത്തെ കൂര്പ്പില്

നിലാവ് ഒലിച്ചിറങ്ങി ഉമിനീരില്ചേര്ന്നു.

നാവുമരങ്ങള് ഒന്നൊന്നായി

അഴിഞ്ഞടിഞ്ഞ് ഇരുട്ടിലേക്ക് നീണ്ടു തുടങ്ങി.

നീളുവാന് ഒരു വിചാരമേ വേണ്ടിയിരുന്നുള്ളൂ.

അവയാവട്ടെ എത്രയോ കാലമായി

ഇങ്ങനെയൊക്കെ വിചാരിക്കുന്നു

കാണുന്ന വീടുകളിലും മരങ്ങളിലും

അവ ചുറ്റിപ്പിടിച്ചുകയറി

ദൂരത്തുള്ള കുന്നുകളുടെ കറുത്ത അരികുകള്

നക്കിയെടുത്തു

പേടിയില്ലാതെ ഒറ്റയ്ക്ക് അലഞ്ഞുനടന്ന മേഘങ്ങളെ

പിടിച്ച് ഉമിനീരില് അലിയിച്ചുകളഞ്ഞു

പാടത്തും വഴിപ്പുല്ലുകളിലും തുപ്പല്പത വീഴ്ത്തി

അവ നഗരത്തെ തിരഞ്ഞുചെന്നു

പലവഴിക്ക് നീണ്ടുവന്ന നാവുകള്

തെരുവുകളില്ചുറ്റിപ്പിണഞ്ഞ് ഇണചേര്ന്നു

മഞ്ഞവെളിച്ചത്തിന്റെ നിസ്സഹായത

എല്ലായിടത്തും കായ്ച്ചുനിന്നിരുന്നു

ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ

നക്കിയുറക്കിയോ ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞോ

നഗരമരങ്ങളിലേക്ക് അവ പടിപടിയായി

ഇഴഞ്ഞിഴഞ്ഞ് കയറി

ഫ്ലാറ്റുകളില് ഉറങ്ങുന്ന ചീര്ത്തതും ചുവന്നതുമായ

മനുഷ്യരെ അവ നക്കിത്തോര്ത്തി.

ആ മനുഷ്യരാവട്ടെ അഗാധനിദ്രയില്

ഫ്ലാറ്റുകളില് നിന്ന് താഴേക്ക് വീഴുന്ന ഒരു സ്വപ്നത്തില്

പെട്ടുപോയി.

നഗരത്തിലെ എല്ലാ മനുഷ്യരും

ഒരേ സമയം

വളരെ സാ വ കാ ശം

ഫ്ലാറ്റുകളില് നിന്ന്

താഴേക്ക് വീഴുന്നു

മറ്റുള്ളവരുടെ വീഴ്ചകള് കൂടി

അവര്ക്ക് കാണാനാവുന്നു.

അവര് ഒരിക്കലും താഴെ എത്തിച്ചേരുന്നതേയില്ല.

താഴെ

കോടിക്കണക്കിന് നാവുകള്

പാമ്പുകളെപ്പോലെ ഇഴഞ്ഞുനടക്കുന്നു

താഴേക്ക് തലകുത്തിവീഴുന്ന അവരെ

കൊത്തിവിഴുങ്ങാന് അവയെല്ലാം ഒന്നായി

ഉയര്ന്നുവന്ന് നഗരമേ എന്ന് പൊളിക്കുന്നു.

റാ

ററററററററ എന്ന് ആവര്ത്തിച്ചാവര്ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര് കടന്നുപോവുന്നു
റ കള് അവയുടെ കാലുകള് അകറ്റിവെക്കുന്നു
ഒരു പാണ്ടിലോറി കടന്നുപോവുന്നു
ഒരു വെടിയുണ്ട ചീറിപ്പായുന്നു
മറുതലയ്ക്കല് നടന്നുപോവുന്ന ഒരാള് മരിച്ചുവീഴുന്നു
മരിച്ചവന്റെ ചുറ്റും ആളുകള് ഓടിക്കൂടി
ഇങ്ങേത്തലയ്ക്കലേക്ക് നോക്കുന്നു
ഇങ്ങേത്തലയ്ക്കല് ഒരു പീരങ്കി സജ്ജമാവുന്നു
വെടി പൊട്ടുന്നു
റ കള് ആകാശത്ത് ചിതറുന്നു
എല്ലാം കൂടിച്ചേര്ന്ന് ഒരു പൂവായ്
നഗരത്തിനുമുകളില് നില്ക്കുന്നു
ഇതളിതളായ്
എല്ലാ റകളെയും ഒരു കൊക്കയിട്ട് വലിച്ച്
താഴെ എത്തിക്കുന്നു
നിരത്തി നിര്ത്തി ഉത്സവത്തിനു കൊണ്ടുപോയാലോ
എന്ന് ചിന്തിക്കുന്നു,വേണ്ടെന്ന് വെക്കുന്നു.
എല്ലാ റകളെയും വരിക്കു നിര്ത്തി ഒരു ഒളിച്ചുകളി
ആരംഭിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്ക്
എല്ലാവരും ശത്രുക്കള്
കണ്ടാലുടന് വെടി
ഓരോ റയുടെ കാലിലും ഓരോരുത്തര്
ഒളിഞ്ഞുനില്ക്കുന്നു,പാളിനോക്കുന്നു
ഓരോന്നിനെ ഓരോന്നിനെ തട്ടി മുന്നേറുന്നു
അവസാനത്തെ റയുടെ കാലും വെടിപ്പാക്കി
വിജയസൂചകമായ ചിഹ്നം കാണിച്ച്
കാമുകിയെകെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ടിരിക്കുമ്പോള്
ഒരു കള്ള റ പിന്നില് നിന്ന് ഒറ്റ വെടിയാണ്

മരിച്ചുവീഴുന്നു
എല്ലാ റകളും ഒരു പുഷ്പചക്രമായി
എന്റെ നെഞ്ചത്തുകേറുന്നു
മരിച്ചവര്ക്കുവേണ്ടി പ്രത്യേകം തയ്യാര് ചെയ്ത
കള്ളക്കരച്ചില് എനിക്കും കിട്ടുന്നു
ചടങ്ങുകള്ക്കുശേഷം ഒരു റ അവളെ/എന്റെ കാമുകിയെ
പൊക്കിയെടുത്ത് ഹേയ് എന്ന ആഹ്ലാദശബ്ദം പുറപ്പെടുവിച്ച്
ഉമ്മവെക്കുന്നു
പുണരുന്നു
ഇറുകെപ്പുണരുന്നു
പിടുത്തം വിടാതെ അടുത്തുകണ്ട മുറിയിലേക്ക് പോകുന്നു
വാതിലടയുന്നു

അവള് ഒരു റയുടെ പുറത്തേറി നഗരം ചുറ്റുന്നു
ആകാശത്ത് ഒരു ഒരു റ വിരിഞ്ഞ്
റ ഭരണം പ്രഖ്യാപിക്കുന്നു
ഞാന് മണ്ണിനടിയില് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
എന്റെ ആത്മാവ് റ ആകൃതിയില്
ഒരു രാത്രി പുറത്തിറങ്ങുന്നു
അവളുടെ വാതിലില് മുട്ടിവിളിക്കുന്നു
റ എന്നു കരുതി അവള് സ്വീകരിക്കുന്നു
ഞാനാരാണെന്ന് അവളോട് പറയുന്നു
അവള് പേടിക്കുന്നു
ഞാനെന്റെ റ -കാലുകളിലിട്ട്
അവളെ ഞെക്കിഞെക്കിക്കൊല്ലുന്നു
പറന്നുപറന്നു പോകുന്നു
കറുത്തരാത്രിയുടെ റ
റാാാാാാാാാാാാാ

മേഘങ്ങള്ക്കിടയില് നിന്ന്
തന്റെ കൈകളില് വാരി
ഒരു കുഞ്ഞുകുട്ടിയെയെന്ന പോലെ
ദൈവം നിന്നെ താഴോട്ടിടുന്നു

ഒരു ദേവതയെപ്പോലെ
നീ താഴേക്ക് ഇറങ്ങിവരുന്ന ഇറക്കത്തില്
നിന്നെ സ്പശിക്കുന്ന ശൂന്യതയുടെ എല്ലാ കണികകളും
പ്രകാശത്തിന്റെ നിറവായിത്തീരുന്നു

ഭൂമി നിറയെ പൂമരങ്ങള്
അതിനിടയില് ഒരൊറ്റക്കാമുകന്റെ
കോടികോടി കൈവെള്ളകള്
നിന്നെ താങ്ങിനിര്ത്തുവാന്
പൊന്തി നില്ക്കുന്നു

ആ കൈകളില്ത്തന്നെ
നീ വന്നുവീഴുന്നു
നിന്റെ വീഴ്ചയെക്കുറിച്ച്
ദുഃസ്വപ്നം കണ്ട ഒരു മേഘം
നാണക്കേട് മറയ്ക്കാന് ഇടിവെട്ടിപ്പോവുന്നു

ഭൂമി ഇപ്പോള് ഒരാഘോഷമാണ്

എല്ലാ മരങ്ങള്ക്കും മീതെ
മഴവില്ലുകളുടെ റ
അതിലിരുന്നാണ് പക്ഷികളുടെ പാട്ട്
ചിത്രശലഭങ്ങളുടെ ഒരു കാട്/ഘോഷയാത്ര
അതിനിടയിലൂടെ പറന്നുപോകുന്നു

എന്റെ ഉമ്മകള് നിനക്ക് കാവല് നില്ക്കുന്നു

എന്റെ ഉമ്മകള് നിനക്ക് കാവല് നില്ക്കുന്നു

നീ ഉണരുമ്പോള് അവ ഒന്നൊന്നായി വന്ന്

നിന്റെ ചുണ്ടുകളിലും കവിളുകളിലും പൊതിയുന്നു.

ഇനിയും ചിലവ നിന്റെ കഴുത്തില് ,

കഴുത്തിലെ മറുകില് ,

മാറിടത്തില് ,

അടിവയറ്റില് ,



നീ മുറ്റമടിക്കുമ്പോള്

മുഖം കഴുകുമ്പോള്

പല്ലുതേക്കുമ്പോള്

മൂത്രമൊഴിക്കാനിരിക്കുമ്പോള്

നിന്റെ ഇരുകവിളുകളിലും

അവ പെരുമാറുന്നു

നീ കുളിക്കുമ്പോള്

അവ നിന്റെ ശരീരമാകെ പൊതിയുന്നു



നീ കോളേജില് പോകുമ്പോള്

വഴിയോരത്തെ ചെടികളുടെ ഇലമറവില്

അവ പമ്മിയിരിക്കുന്നു

നീ നോക്കിപ്പോയാല് അവ ചുണ്ടത്തൊട്ടുന്നു

നീ മലയാളം ക്ലാസില് ബോറടിച്ചിരിക്കുമ്പോള്

ബ്ലാക്ക് ബോഡില് നിന്ന്

ഒരുമ്മ പാഞ്ഞുവരുന്നു

നീ കുനിഞ്ഞിരിക്കുമ്പോള്

നിന്റെ ഡസ്കില് ഒരുമ്മയുടെ ദാരുശില്പം

അതിന്റെ ചുണ്ടുകള് ചലപ്പിക്കുന്നു

നിന്റെ ചുണ്ടുകള് അതില് ചേര്ത്തുവെച്ച്

നീ ഉറങ്ങിപ്പോകുന്നു

നീ വായനശാലയില് പോകുമ്പോള്

അവ നിന്റെ പിന്നാലെ വരുന്നു

നിന്റെ മുടിക്കെട്ടിലെ സുഗന്ധത്തില്

ഇറങ്ങിനടക്കുന്നു



രാത്രിയില് നീ നിലാവു കാണുമ്പോള്

രാത്രിഗന്ധികളുടെ വിമാനങ്ങളില് വന്നിറങ്ങുന്നു

നിന്റെ നെറ്റിയില് പതിയെ പതിയുന്നു

നീ ഉറങ്ങുമ്പോള് നിന്റെ കണ്ണുകളില്

മൃദുലമായ് മുദ്രവെച്ച്

നിന്റെ ശ്വാസത്തില് കറങ്ങി നടക്കുന്നു.



നിനക്കുമാത്രം കാണാവുന്ന ചുണ്ടുകളുടെ

ബലൂണുകള് പലനിറങ്ങളില്

നീ പോകുന്നിടത്തെല്ലാം പറക്കുന്നു



നീയിപ്പോള് നിറയെ പൂക്കളുള്ള പൂന്തോട്ടത്തില്

ഒരു പൂമ്പാറ്റ

മറ്റാരും ഇതറിയുന്നില്ലെങ്കിലും.

മുല കുടിക്കുന്നു

അല്ലയോ കാമുകീ

നീ നിന്റെ ബ്ലൌസിന്റെ കുടുക്കുകളൂരി

നിന്റെ മുലകള് എന്റെ വായില് തള്ളിവെക്കുന്നു

മുപ്പത്തൊന്പതുവയസ്സുള്ള ഞാന്

അവ കുടിക്കുന്നു

ഇടത്തേമുല കുടിക്കുമ്പോള്

വലത്തേ മുലയ്ക്ക് സങ്കടമാവുമെന്ന് കണ്ട്

വലത്തേ മുലയും കുടിക്കുന്നു

വലത്തേ മുലകുടിക്കുമ്പോള്

ഇടത്തേ മുല കരയുന്നു

രണ്ടു മുലകളും ഒരുമിച്ച് കുടിച്ച്

പരിഭവം മാറ്റുന്നു

മൈക്കല് ജാക്സന്റെ

ആല്ബത്തിലേതുപോലെ

കടപുഴകിയ മരങ്ങള്

എഴുന്നേറ്റു നില്ക്കുന്നു

ചത്തുചീഞ്ഞ ആനകള്

മുറികൂടി എഴുന്നേറ്റു നടക്കുന്നു

കഴിഞ്ഞ വര്ഷം വണ്ടിയിടിച്ചുമരിച്ച പട്ടി

മുറ്റത്ത് വാലാട്ടിനില്ക്കുന്നു

ഞാനതിനെ തലോടുന്നു

ഞാന് പിന്നെയും നിന്റെ മുല കുടിക്കുന്നു

വര്ഷങ്ങള് എന്നില് നിന്ന് ഓടിപ്പോകുന്നു

പതിന്നാലുവയസ്സില്

പ്രീതാടാക്കീസില്

സിനിമ കണ്ടിരിക്കുന്നു

അനുരാധ തുള്ളുന്നു

പത്തുവയസ്സില്

വള്ളിട്രൌസറിട്ട കുട്ടി

കുളക്കരയിലിരിക്കുന്നു

പച്ചപ്പായലില് പരല്മീനുകള്

ഓടുന്നു

ഞാന് പിന്നെയും നിന്റെ

മുല കുടിക്കുന്നു

അഞ്ചു വയസ്സുള്ള കുട്ടി

സ്കൂള് വിട്ടോടുന്നു

ആദ്യം വീട്ടിലെത്തണം

മൂന്നുവയസ്സില്

കാപ്പിത്തോട്ടത്തില്

ഒളിച്ചിരിക്കുന്നു

അമ്മ തിരഞ്ഞു നടക്കുന്നു

ആറാം മാസത്തില്

കൈകാലിട്ടടിച്ച് ചിരിക്കുന്നു

ഞാന് പിന്നെയും നിന്റെ

മുലകുടിക്കുന്നു

ഞാനിപ്പോള് നിന്റെ

ഗര്ഭപാത്രത്തില് വളരുന്നു

എനിക്കുവേണ്ടി നിന്റെ

പാല്ഞരമ്പുകള് ഉണരുന്നു

നീ നിന്റെ വീര്ത്ത അടിവയര്

തടവി പുഞ്ചിരിക്കുന്നു

45º ചരിവില്

ഇളംനീല ആകാശത്തേക്ക്

ഒരു ചെറുപ്പക്കാരന് 45º ചരിവില്

ഉയര്ന്നു ചാടുന്നു

അയാളുടെ കൈകള് വിടര്ന്നിരിക്കുന്നു

ഞാനാണ് ആ ചെറുപ്പക്കാരന്

താഴെയുള്ള കുളവും ചുറ്റുമുള്ള

പൂച്ചെടികളും ഉയര്ന്നു ചാടുന്നു

ആകാശം നിറയെ 45º ചരിവില്

ചുവന്ന ചുണ്ടുകള് ഒട്ടിച്ചുവെക്കുന്നു

എന്റെ ചെറുപ്പക്കാരിയും ഞാനും

ഒഴുകിപ്പോവുന്നു

മരങ്ങള്ക്കിടയില് അവള് ഒളിക്കുന്നു

അവളുടെ ഉടയാടകള്

മുടിത്തുമ്പിലെ വെളുത്ത റിബണുകള്

അവളെ കാണിച്ചുതരുന്നു

ഞങ്ങള് കിരീടംവെച്ച രണ്ടു മരങ്കൊത്തികളായ്

പറന്നുപോകുന്നു

ഞങ്ങള്ക്കു പിന്നാലെ ഞങ്ങളുടെ ശബ്ദങ്ങള്

ഉരുണ്ടുരുണ്ട് പോരുന്നു

ആകാശം മടുക്കുമ്പോള്

ഞങ്ങള് രണ്ട് പുഴമീനുകളായ്

ജലം ചിതറി നീന്തുന്നു

ഒരൊറ്റപ്പൂ പറിച്ച് നീട്ടുന്നു

ഒരു വെള്ളച്ചാട്ടത്തില്

ചിതറുന്ന നീര്മുത്തുകളാവുന്നു

ഞങ്ങള് വീണ്ടും ഞങ്ങളാവുന്നു

ഈ ഇളംനീല ആകാശത്തേക്ക്

കൈകള് വിടര്ത്തി

45º ചരിവില് ഞങ്ങള് ഉയര്ന്നുചാടുന്നു

ലോകം ആ ഒറ്റ ഫ്രെയിം

എല്ലാ കാലത്തേക്കുമായ്

ചില്ലിട്ടുവെക്കുന്നു.

ഒരു കറുപ്പ് വെളുപ്പ് വയലാര് ഗാനം

വിരഹിയും ദുഃഖിയുമായ
ഒരാള് നടക്കുകയാണ്
ലോകത്തെല്ലാവര്ക്കുമുണ്ട്
എപ്പോഴുമുണ്ട് ഒരു കാമുകി
അവള്ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്
അവളുടെ ഹൃദയം അയാളെയോര്ത്ത്
പടപടാ എന്ന് മിടിച്ചുകൊണ്ടിരിക്കുന്നു
അയാള് പാടുകയാണ്
ഒരു കറുപ്പുവെളുപ്പുഗാനത്തില്
മുഴുവന് കറുപ്പും മുഴുവന് വെളുപ്പുമല്ലാതെ
ലോകത്തെ മുഴുവന് ദുഃഖവും
എന്റേതാണെന്ന് പ്രഖ്യാപിച്ച്
പുഴയോരത്തുകൂടി നടക്കുകയാണ്
നമുക്കയാളോട് കഠിനമായ സഹതാപമുണ്ട്
പുഴ അപ്പോള് വെറുമൊരു പുഴയല്ല
അതിനു ജീവനുണ്ട് വികാരമുണ്ട്
(വേറെ എന്തൊക്കെയോ ഉണ്ട്)
അത് വലിഞ്ഞുമുറുകുന്നു
വലിഞ്ഞുവലിഞ്ഞുപൊട്ടുന്നു
ഞാന് കണ്ടിട്ടുണ്ട്,നിങ്ങളും
നമുക്കും ഒരു ഹൃദയമുണ്ടെന്ന്
നമ്മളെ ഓര്മിപ്പിക്കുന്നു
മിടിച്ചുകൊണ്ടല്ല,വേദന കൊണ്ട്
ഞാനിപ്പോള് ഉരുകിപ്പോവുമേ എന്ന്
ആത്മാവില് നിശ്ശബ്ദമായി തലതല്ലിക്കൊണ്ട്

അന്ന് പാട്ടുകേള്ക്കുമ്പോഴും
അയാള് നടക്കുകയായിരുന്നു
ഇന്ന് കേള്ക്കുമ്പോഴും
അയാള് അതേ തീരത്തുകൂടി നടക്കുകയാണ്
ഇനിയും അയാള് നടക്കും
അയാളുടെ കാലുകള് കഴയ്ക്കില്ല
ദുഃഖം അത്രയ്ക്ക് കെല്പ്പുള്ളതാണ്
അയാളും അവളും അവരുടെ
കറുപ്പുവെളുപ്പു ഗ്രാമത്തില്
ലോകം അവസാനിച്ചാലും പാടിക്കൊണ്ടിരിക്കും
അയാള് അയാളല്ല
ഞാന് തന്നെയാണെന്ന്
ഞാനെന്നെ വിട്ടുകൊടുക്കും
അങ്ങനെയുള്ള തീരത്തുകൂടി
കാലങ്ങളായി നടക്കുന്നുവെന്നത് മറന്നാണ്
എന്റെയീ ഡപ്പാംകൂത്ത് ജീവിതമെന്ന്
ആ പാട്ട് ഇനിയൊരീക്കല് കേള്ക്കുമ്പോള് ഞാനോര്ക്കും

ഒരാള്ക്ക് എന്തൊക്കെ ജീവിതങ്ങളുണ്ട്!
ഇതെല്ലാം കൂടി നയിക്കാന്
ആകെ ഒരാളേയുള്ളൂ
അതുകൊണ്ട്, മുഴുവനായും
ഈ കറുപ്പുവെളുപ്പു ഗാനത്തിലേക്ക്
ഞാന് ഒളിച്ചോടുന്നു
ഇപ്പോള് ഞാനിരിക്കുന്നിടത്ത് ഞാനില്ല...

മൌനത്തെക്കുറിച്ച് അവള് എഴുതാന് പറഞ്ഞ കവിത

അവളില് നിന്നുവരുന്ന എല്ലാറ്റിനേയും
ഞാന് സ്നേഹിക്കുന്നു
മൌനവും അവളില് നിന്ന് വരുന്നു
അതിനെയും ഞാന് സ്നേഹിക്കുന്നു
അതിനോട് ഇരിക്കാന് പറയുന്നു
കസേര വലിച്ചിട്ടുകൊടുക്കുന്നു
അത് ഇരിക്കുന്നു
അത് എന്നെ നോക്കുന്നു
ഞാന് അതിനെയും നോക്കുന്നു
ഞങ്ങള് പരസ്പരം അങ്ങനെ
നോക്കിനോക്കിയിരിക്കുന്നു
നോട്ടത്തില് അനേകം കിലോമീറ്റര്
ദൈര്ഘ്യത്തില് കയറുകള് പിരിച്ചുകൊണ്ടിരിക്കുന്നു
ചുമ്മാ ഇരിക്കണ്ടല്ലോ എന്നു കരുതി
അതിന് ചായകൊടുക്കുന്നു
അത് കുടിക്കുന്നു
ചോറ് കൊടുക്കുന്നു
അത് തിന്നുന്നു
അതിന് മൂത്രമൊഴിക്കണമെന്ന് ആംഗ്യം കാണിക്കുന്നു
മൂത്രപ്പുര കാണിച്ചുകൊടുത്ത്
ഞാന് വാതില്ക്കല് നില്ക്കുന്നു.
അത് അകത്തു കയറി വാതില്
ചാരുന്നു
ഒരൊച്ചയുമില്ല
ഞാന് ഒളിഞ്ഞുനോക്കുന്നു
അത് വാതില് തള്ളിത്തുറന്ന്
പുറത്തേക്ക് വരുന്നു
അതിന്റെ മുഖം ഒരുകൊട്ട
പുറത്ത് ഒന്ന് നടന്നിട്ട് വരാമെന്ന്
ഞാന് അതിനെ കൂട്ടുന്നു
അതിനെ ഇങ്ങനെ കണ്ടാല് പോര
എനിക്കുവേണ്ടി അതെന്തോ ഒളിപ്പിക്കുന്നു
അത് കണ്ടല്ലേ പറ്റൂ
പക്ഷേ എങ്ങനെ?സമ്മതിക്കുമോ?
കാര്യം പറഞ്ഞുനോക്കി
എനിക്കു കാണണം
അതിനു പരിഭ്രമമായി
ആളില്ലാത്ത സ്ഥലം
അങ്ങനെ കാണിച്ചു തന്നാല്
അത് ഇല്ലാതാവുമെന്ന്
അതിന്റെ ദയനീയമായ
വെളിപ്പെടുത്തല് ..
എനിക്ക് സഹിച്ചില്ല
അതിന്റെ മിനുങ്ങുന്ന
ഉടുതുണി ഞാന് വലിച്ചുകീറി.
അത് വെപ്രാളപ്പെട്ട് എന്നെ തള്ളിയിട്ട് ഓടി
ഞാന് പിന്നാലെഓടി
ഒരുവിധം പിടികൂടി
വലിച്ചുകീറിയ വിടവുകളില്
ചില അവ്യക്തപദങ്ങള് വന്നു നില്പ്പുണ്ട്
സാമാധാനിപ്പിച്ച് തിരികെ കൊണ്ടുനടന്നു
രാത്രിയാവുന്നു
അധിക നേരമായ് സന്ദര്ശക്കുള്ള മുറിയില്
മൌനം കിടിച്ചിരിക്കുന്നു..എന്ന കവിത ചൊല്ലി നോക്കി
അതിന് കുറ്റബോധം തോന്നി
കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് അവിടെത്തന്നെവെച്ചു
അതിനെ ഞാന് ഉള്ളംകൈയില് എടുത്തു
ഞാന് മൊബൈല് എടുത്തു
അതിനെ ഇങ്ങോട്ടുപറഞ്ഞയച്ചവളുടെ
മൊബൈല് സംഖ്യ അമര്ത്തി
അപ്പുറത്ത് അവള് ഉണര്ന്നു
മൌനത്തെ ഉള്ളംകൈയിലെടുത്ത്
ഒറ്റ ഊത്ത് കൊടുത്തു
ടെലഫോണ് ടവറുകളില് നിന്ന്
ടവറുകളിലേക്ക്
ഒരു കാക്കക്കൂട്ടമായി അത് പറന്നു
അവളുടെ മൊബൈല് വഴി
പറന്നിറങ്ങി
അവളുടെ അനേകം കാക്കപ്പുള്ളി വാതിലുകളിലൂടെ
അകത്തേക്ക് കയറിപ്പോയി.
അവളെക്കൊതിച്ച് അവളുടെ
രക്തത്തിലേക്ക് കയറിപ്പോയ
കാക്കകള് പണ്ട് അഴിച്ചുവെച്ച കറുപ്പുകളാണ്
അവളുടെ കാക്കപ്പുള്ളികള്
അവള്ക്ക് ഒടുക്കത്തെ പ്രേമമാണ്.
അവളുടെ മൌനം അവളുടെ പ്രേമമാണ്
ഇപ്പോള് എല്ലാ കാക്കകളും
അവളുടെ ഉള്ളില് രാവും പകലും കലമ്പുന്നു
അവള്ക്ക് ഉറക്കമില്ല
മൌനത്തെ അടിച്ചോടിച്ച്
ഞാന് സമാധാനമായി ഉറങ്ങുന്നു
എന്നില് നിന്ന് നൂറ് ഉമ്മകള്
നൂറ് കൊറ്റികള്
കോടമഞ്ഞ് കടന്ന്
അവള്ക്കുവേണ്ടി പറന്നുപോകുന്നു
ഞാന് കൊടുക്കുന്ന എല്ലാ ഉമ്മകളും
അത്-ആ മൌനം പിടിച്ചുവാങ്ങിത്തിന്നുന്നു
ഞാന് അവള്ക്കുകൊടുക്കുന്നതെല്ലാം
കൈപ്പറ്റുന്നത് അവനാണ്
പാവം അവള്
പാവം

ചിതറുന്നു

ആകാശത്തിന്റെ നീലജലത്തിലേക്ക്

മുടിയഴിച്ചിട്ട് ഭൂമിയില് തൂങ്ങിനില്ക്കുന്നു

മരക്കൂട്ടങ്ങള്



ഭൂമിയെ ഇറിക്കിപ്പിടിച്ച്

തൂങ്ങിനില്ക്കുന്നു വീടുകള്



ആകാശത്തിന്റെ ആകാശമായി ഭൂമി

അതില് തൂങ്ങിനിന്നുകൊണ്ട്

നടന്നുപോകുന്നു മനുഷ്യര്



കാട്ടില് തലകീഴായ് തൂങ്ങിക്കിടന്ന്

ഒരു മാന്കൂട്ടം ഓടുന്നു



നഗരപാതകളില് പറ്റിപ്പിടിച്ച് തൂങ്ങിക്കിടന്ന്

വാഹനങ്ങള് ഓടുന്നു



മേഘങ്ങള് വിക്ഷേപിച്ചതാണെന്നെ

ഭൂമിയില് പൂക്കളായ് ചിതറുവാന്



ഞാനിതാ അതിവേഗം താഴേക്കുവരുന്നു

സമുദ്രങ്ങള് തിരക്കൈകള് നീട്ടി നില്ക്കുന്നു

പാറക്കൂട്ടങ്ങള് പടച്ചട്ടകളേന്തി നില്ക്കുന്നു



ചിതറുന്നു

ചുവന്നപൂവുകളായ്.

ഈ പ്രഭാതത്തിനു മീതെ

ചിതറുന്നു.

പശു അഥവാ സൌമ്യത റീലോഡഡ്

പശു എന്നെ നോക്കുന്നു
അതിന്റെ കണ്ണുകളില് നിന്ന് സ്നേഹം
അതിന്റെ മുലക്കണ്ണുകളില് നിന്ന് പാല്
ഞാനതിനെ തഴുകുന്നു
അതിന്റെ നെറ്റി
അതിന്റെ ആടി ചൊറിഞ്ഞുകൊടുക്കുന്നു.
എന്റെകൈ മാത്രം ഇറങ്ങിപ്പോയി
അതിനെ എല്ലായിടവും തലോടുന്നു
അത് നിന്നു തരുന്നു
ചുരത്തുന്നു
ഇപ്പോള് ആകാശത്ത് നില്ക്കുന്നു
അതിന്റെ പാല് പ്രപഞ്ചത്തെ മൂടുന്നു
ചിലപ്പോള് പുരാതനമായ
എന്റെ തൊഴുത്തില് അത്.

അത് ഉറങ്ങുന്നു-അയവെട്ടുന്നു
അതിന് എന്തിനീ കൊമ്പുകള് ?
സൌമ്യതയ്ക്ക് എന്തിനീ...?
പച്ചപ്പുല്ല് നീട്ടുന്നു
അത് ചവച്ചുചവച്ച് എന്നെനോക്കുന്നു
എന്നെ നക്കുന്നു
ഞാന് ഉറങ്ങുന്നില്ല
എവിടെയോ ഒരു മുറിവുണ്ട്
ഒരു അവയവം ഇറങ്ങിപ്പോയിട്ടുണ്ട്
ബോധത്തിന്റെ മിന്നല്വഴികളില്
എന്റെ പശു
അതിന്റെ കാല് മാത്രം
അതിന്റെ വാല് മാത്രം
അതിന്റെ കണ്ണുകള് മാത്രം
ബാക്കിയെല്ലാം അതിനോടൊപ്പം ഉണ്ടാവാം.

അതെന്നെ സ്നേഹിക്കുന്നു
അതിന്റെ സ്നേഹം ഒരു നാക്കായി
ഇറങ്ങിവരുന്നു
എന്നെ നക്കുന്നു
എല്ലാ രാവുകളിലും
എല്ലാ പകലുകളിലും
എല്ലാ നിമിഷങ്ങളിലും
കണ്ണടച്ചാലും ഒരു പാല്വെളിച്ചത്തില്
ഞാന് കിടക്കുന്നു
അത് എന്റെ അരികില്.
എനിക്ക് പിന്നെയും എന്തോ നഷ്ടമായിട്ടുണ്ട്
ഒരവയവം കൂടി കാണാതായിട്ടുണ്ട്
ഏതാണ് എന്ന് അറിയില്ല
കൂടുതല് ചിന്തിക്കാന് തോന്നുന്നില്ല
എന്റെ പശു
അതിന്റെ മുലകള്
അതിന്റെ പാല്
അതില് ബോധമില്ലാതെ
എനിക്കു കിടക്കണം

ഞാനും അതും ഒഴിവുസമയങ്ങളില്
ചന്തയില് പോകാറുണ്ട്
അപ്പോള് അത് എന്നെപ്പോലെ
വസ്ത്രങ്ങള് ധരിക്കും
രണ്ടുകാലില് നടക്കും
സിഗരട്ട് വലിക്കും
ബാറിലിരുന്ന് മദ്യപിക്കും
ഞാനും എന്റെ പശുവും.
അത് ചോദിക്കും:
‘എന്നെക്കുറിച്ചെഴുതി
നിങ്ങള് കവിയായി.
എന്നിട്ട് എനിക്കെന്ത്?
ചുമ്മാതെ എന്ന് അത് ചിരിക്കും
എനിക്ക്
എനിക്ക്
ഇനി അധികമൊന്നും നഷ്ടപ്പെടാനില്ല
കുറേ അവയവങ്ങള് കാണാതായിട്ടുണ്ട്
ഓര്ക്കാന് നേരമില്ല
പാല് ഒഴുകുന്നു
അത് നില്ക്കരുത്
എനിക്ക് തലോടണം

കുട്ടികള് പറയുന്നു:
എല്ലാ കീശകളും കാലിയാണ്
ഭാര്യ പറയുന്നു:
പ്രസവിക്കാത്ത ഒരു പശു
പാല് തരുന്നുവെന്നത്
ഒരു വ്യാജഭാവന മാത്രമാണ്

എന്റെ പശു എന്നോട് പറയുന്നു
അതിനെ കൊന്നോളാന്...
ഞാനതിനെ കൊല്ലാന് ശ്രമിക്കുന്നു
അപ്പോള് അറിയുന്നു
ആയുധമെടുക്കാന് എനിക്ക് കൈകള് ഇല്ല.
അതിന്റെ അടുത്തേക്ക് നീങ്ങാന്
എനിക്ക് കാലുകള് ഇല്ല
അത് ചിരിക്കുന്നു
അത് ചുരത്തുന്നു
ഇറങ്ങിപ്പോയ എന്റെ കൈ അതിനെ തലോടുന്നു
അതിപ്പോള് എന്റെ കൈയല്ല
അതെന്നെ അനുസരിക്കില്ല
ഞാന് പാലില് ഉറങ്ങിക്കിടക്കുന്നു
എന്റെ പശു അരികില്ക്കിടന്ന് ചിരിക്കുന്നു
മിന്നല്വഴികളില്
അതിന്റെ കണ്ണുകള് തെളിയുന്നു
ഞാന് നൂറ്റാണ്ടുകള്ക്കപ്പുറത്തേക്ക്
അതിന്റെ ക്രൂരനോട്ടത്താല്
എടുത്തെറിയപ്പെടുന്നു
ഞാന് കാണുന്നു
എന്നെക്കൊന്നിരിക്കുന്നു
എന്റെ ഇറച്ചി മുഴുത്ത മുട്ടിപ്പലകയില് വെച്ച്
വെട്ടിക്കൊണ്ടിരിക്കുന്നു
എന്റെ ചോര തെറിക്കുന്നു
എന്റെ പശു അടുക്കളയില്
തിരക്കിട്ട് നടക്കുന്നു
എന്നെ കറിവെച്ച് തിന്നുകൊണ്ടിരിക്കുന്നു

രണ്ടുകുന്നുകളുടെ കവിത

(അപ്പോള് ഒരു കവിത പറയാം.ശ്രദ്ധിച്ചിരിക്കണേ....എന്നിട്ടെന്തുണ്ടായി?എന്നിട്ടെന്തുണ്ടായി എന്ന് ഇടയ്ക്കിടെ ചോദിക്കണേ... )

അക്കരെയാണ് പറക്കുന്ന്
ഇക്കരെയാണ് പുഷ്പംകുന്ന്
പറക്കുന്നിന് പുഷ്പം കുന്നിനോട് പ്രേമം
പുഷ്പംകുന്നിനുമുണ്ട് പ്രേമം
പക്ഷേ,അടുക്കാന് പറ്റണ്ടേ
അനങ്ങാന് പറ്റണ്ടേ...
അടുത്തുപോയാല് ഇടയ്ക്കുള്ള
പാടങ്ങളും കുളങ്ങളും റോഡുകളും
ശ്വാസം മുട്ടി മരിച്ചുപോവില്ലേ
അനങ്ങിപ്പോയാല്
പറക്കുന്നിലുള്ള നൂറ്റഞ്ചുവീടുകളും
പുഷ്പംകുന്നിലെ തൊണ്ണൂറ്റാറു വീടുകളും
അതറിയില്ലേ?കിടുങ്ങില്ലേ?
അതുകൊണ്ട് അടക്കിപ്പിടിച്ച്
ഒരു കുന്ന് മോഹം അപ്പുറത്തും
ഒരു കുന്ന് മോഹം ഇപ്പുറത്തും
കുന്നുകൂടിക്കിടന്നു.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നാല് ,ആരുമറിയാതെ ഒരു നാള്
കുന്നുകള്ക്ക് ചിറകുമുളച്ചു
പുഷ്പംകുന്നിലെ കൃഷിപ്പണിക്കാരോ
പറക്കുന്നിലെ തെങ്ങുകയറ്റക്കാരോ
ആ ചിറകുകള് കണ്ടില്ല
രണ്ടു കുന്നുകളിലെയും
വളഞ്ഞുപോവുന്ന വഴികളോ
ചെങ്കല്ലു കയറ്റുന്ന ലോറികളോ
നാനാജാതിക്കിളികളോ
കിണറ്റിന് വക്കത്ത് അപ്പിയിടാറുള്ള
കുറുക്കന്മാരോ അറിഞ്ഞതേയില്ല.


എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


സുന്ദരന്മാരില് സുന്ദരനായിരുന്ന
ഒരു കറമ്പന് രാത്രിയായിരുന്നു അത്
രണ്ടുകുന്നുകള്ക്കുമിടയിലൂടെ
നിവര്ന്നുകിടക്കുന്ന റോഡിലൂടെ
അവസാനത്തെ ബസ്സും പോയി
ഷാപ്പില് നിന്നോ തീയേറ്ററില് നിന്നോ
കടയടച്ചോ വരുന്നവരുടെ ഒറ്റപ്പെട്ട
സൈക്കിളുകള് കുന്നുകയറിപ്പോയി
വെളിച്ചംകൊണ്ട് അടയാളമിട്ട്
എല്ലാവീടുകളും ഉറങ്ങിപ്പോയി
പുഷ്പം കുന്ന് മെല്ലെ അതിന്റെ
ചിറകുകള് ആദ്യമായി വിടര്ത്തി
പറക്കുന്നിന്റെ തോളില് വെച്ചു.
പറക്കുന്നും അതിന്റെ ചിറകുകള് വിടര്ത്തി.
അവര് ആകാശത്തേക്ക് പറന്നുപൊങ്ങി.
രണ്ടുകുന്നുകള് പറിഞ്ഞുപോയ
ആനക്കരയുടെ ഭൂപടം താഴെ.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?



പറക്കുന്നും പുഷ്പംകുന്നും
തോളോടുതോള് ചേര്ന്നുപറന്നു
നക്ഷത്രങ്ങള് അതുകണ്ട് തലകുത്തിവീണു
പാടങ്ങള് കടന്ന്
പുഴ കടന്ന്
കുറ്റിപ്പുറം പാലം കടന്ന്
അറബിക്കടല് കടന്ന്
പറന്നുപോയി.
ഒരു രാത്രി കൊണ്ട് കാണാവുന്നതൊക്കെ കണ്ട്
പറയാവുന്നതൊക്കെ പറഞ്ഞ്
കേള്ക്കാവുന്നതൊക്കെ കേട്ട്
ചെയ്യാവുന്നതൊക്കെ ചെയ്ത്
നേരം വെളുക്കാനായപ്പോള് തിരിച്ചുവന്നു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?

തിരിച്ചുവന്നപ്പോഴല്ലേ പുകില്
താഴെ രണ്ടുകുന്നുകള് കാണാതായതറിഞ്ഞ്
ജനം തടിച്ചുകൂടിയിരിക്കുന്നു.
പത്രക്കാര് എഴുതിയെടുക്കുന്നു
ചാനലുകാര് വണ്ടികളുമായി എത്തിയിരിക്കുന്നു
കുന്നുകളിലെ കാണാതായ ജനങ്ങളുടെ
ബന്ധുക്കള് അലമുറയിടുന്നു
ഫയര് ഫോഴ്സും പോലീസും

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


ഇരിക്കേണ്ടിടത്ത് ഇരിക്കാന് സ്ഥലമില്ലാതെ
ഇനി എന്തു ചെയ്യുമെന്നറിയാതെ
പുഷ്പം കുന്ന് ആകാശത്ത് നിലയുറപ്പിച്ചു
ആരോ മുകളിലേക്കു നോക്കിയപ്പോള്
അതു കണ്ടു
ഒരു കുന്ന് -ആകാശത്ത്.
എല്ലാ ക്യാമറകളും കണ്ണുകളും ആകാശത്തേക്ക്
അപ്പോള് ആകാശത്തുള്ള പുഷ്പംകുന്നിന്റെ
അതിരില് താഴേക്ക് നോക്കി പുഷ്പംകുന്നുകാര്
കുന്നിന് വക്കിന് ആളുകളെക്കൊണ്ട് ഒരു അതിര്
അതിരിലേക്ക് അതിവേഗം ഓടിച്ചുവന്ന
ഒരു സൈക്കിള് ബ്രേക്കുപിടിച്ച് നില്ക്കുന്നു
അതിരില് നിന്ന് താഴേക്ക് എത്തിനോക്കുന്നു
സ്കൂളിലേക്ക് പോവാന് യൂണിഫോമിട്ടെത്തിയ കുട്ടികള്
കക്ഷത്ത് ഡയറിയുള്ള പഞ്ചായത്തംഗം,
തൊഴിലുറപ്പിനു പോകാന് വന്ന പെണ്ണുങ്ങള്
രാവിലെ തെണ്ടാനിറങ്ങിയ ഒരു നായ
പശുവിനെക്കെട്ടാന് വന്ന ആള്,പശു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ടെന്തുണ്ടാവാന്
താഴെയുള്ളവര് മുകളിലേക്കും
മുകളിലുള്ളവര് താഴേക്കും അങ്ങനെ നോക്കി നിന്നു
ലോകാവസാനം വരെ

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ട്&%$33##

പെരുമഴത്തോട്ടം

പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്ന്ന്
മണ്ണില് ചില്ലകള് പടര്ത്തി
ഇടതൂര്ന്ന ചില്ലുനൂല്ത്തോട്ടം

വയല്വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്മ്മകള് പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു

കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള് നനയുന്നു
അവയുടെ പുള്ളികള് മഴയില് മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില് ഒരു ചില്ലുകുറുക്കന്
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല് അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും

ചില്ലുകാടില് ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു

ചെമ്പോത്തുകള് മഴവള്ളികളില് തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള് മുട്ടുന്നു

പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു

തുമ്പികളുടെ ചിറകുകളില് കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു

ആകാശം അതിന്റെ കറുത്ത മുലകളെ

നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ

കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള് തോര്ത്തിക്കൊടുക്കുന്നു

കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്മ്മ പോലെ
ഒരു നനവുമാത്രം നില്ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളക്കിക്കൊണ്ടിരിക്കുന്നു

മഞ്ഞ നിറമുള്ള ഏകാന്തതയില് പച്ചനിറമുള്ള പക്ഷി

ഏകാന്തയുടെ നിറം ഏതാണ്?
മഞ്ഞ നിറമുള്ള ഏകാന്തതയില്
പച്ചനിറമുള്ള ഒരു പക്ഷിയെ സങ്കല്പിച്ചുനോക്കി
വയലറ്റ് നിറമുള്ള ഏകാന്തതയില്
ചുവന്ന ആപ്പിളിന്റെ മോഡലിങ് സങ്കല്പിച്ചുനോക്കി
നീലത്തലേക്കെട്ടുള്ള ഒരു നട്ടുച്ച
പറക്കുന്ന കൊറ്റിയുടെ വെള്ളത്തോര്ത്ത് വീശി
പച്ചനിറമുള്ള പാടത്ത് നില്ക്കുന്നു
ഏകാന്തത എന്ന ദ്വീപിലേക്ക്
നിങ്ങള് നിങ്ങളെ നാടുകടത്തുന്നു
ആരും കരയുന്നില്ല
പിന്നാലെ വരുന്നില്ല
ആരോ കരയുന്നുണ്ടെന്ന്
പിന്നാലെ വരുന്നുണ്ടെന്ന് സങ്കല്പിക്കുന്നു
പിന്നാലെ വരുന്നവര് മങ്ങിമങ്ങി മറയുന്നു
കരച്ചിലുകള് നേര്ത്തുനേര്ത്ത് ഇല്ലാതാവുന്നു
ഇപ്പോള് നിങ്ങള് ഏകാന്തതയിലാണ്
നിങ്ങള് തന്നെയാണ് ഏകാന്തത
ഏകാന്തത സഹിക്കവയ്യാതെ
എല്ലാ നിറങ്ങളും ഇറങ്ങിപ്പോകുന്നു
പച്ചനെല്പ്പാടത്തു നിന്ന് പച്ച
തെളിനീലമാനത്തു നിന്ന് നീല
മേശപ്പുറത്തെ ചുവന്ന ആപ്പിളില് നിന്ന് ചുവപ്പ്
വയലറ്റ് ജനല്വിരികളില് നിന്ന് വയലറ്റ്
റോസാപ്പൂക്കളില് നിന്ന് റോസ്
ഇറങ്ങിപ്പോകാത്ത രണ്ടു നിറങ്ങള്
ബാക്കിയാവുന്നു ;കറുപ്പും വെളുപ്പും
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
ഈ ഇറങ്ങിപ്പോക്കിനെ
കറുപ്പിലും വെളുപ്പിലും ആവിഷ്കരിച്ച്
കറുപ്പിന്റെയും വെളുപ്പിന്റെയും
ഒരു തോന്നല് മാത്രം അവശേഷിപ്പിച്ച്
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
നിങ്ങള് അവയുടെ പിന്നാലെ പോകുന്നില്ല
ആരുടെയും പിന്നാലെ പോകുന്നില്ല
നിങ്ങള് ഏകാന്തത
ഏകാന്തത നിങ്ങള്
കാറിന്റെ ചില്ലുജാലകത്തില്
ഒലിച്ചിറങ്ങുന്ന മഴയില്
നിറങ്ങളും രൂപങ്ങളും ചോര്ന്നുപോവുമ്പോലെ
അകത്തുപെയ്യുന്ന ഒരു മഴയിലേക്ക്
പുറത്തുനിന്നു നോക്കുന്നു നിങ്ങള്
ഉടഞ്ഞ മരക്കൂട്ടങ്ങള്
ഉടഞ്ഞ മനുഷ്യാകൃതികള്
ഉടഞ്ഞ നടപ്പാത
ഉടഞ്ഞുടഞ്ഞുടഞ്ഞ്...
കാഴ്ചകള് മുന്നോട്ടു നടക്കാനാവതെ
മഴയില് കുഴഞ്ഞുവീഴുന്നു
നിങ്ങള്ക്കിരുപുറവും ബ്ലോക്കായ വാഹനങ്ങള്
ഹോണടിക്കുന്നു
അവയുടെ തീവ്രവെളിച്ചങ്ങള് പരസ്പരം
വെട്ടിക്കൊണ്ടിരിക്കുന്നു
എല്ലാ വാഹനങ്ങളില് നിന്നും ഇറങ്ങിവന്ന ആളുകള്
നിങ്ങളുടെ ചുറ്റിലും കൂടി നില്ക്കുന്നു

സന്തോഷം അലയടിക്കുന്നു


ഒരു ദിവസം
ഒരു പ്രത്യേക നിമിഷം
പുറത്തേക്ക് നോക്കുമ്പോഴുണ്ട്
സന്തോഷം അലയടിക്കുന്നു
ബസ് സ്റ്റാന്ഡിലെ സ്ത്രീകളുടെ സാരിത്തുമ്പുകള്
പറന്നുയര്ന്ന് സന്തോഷം സന്തോഷം
എന്ന് പ്രഖ്യാപിക്കുന്നു.
കോളേജ് വിട്ടുവന്ന യൂണിഫോം കുട്ടികള്
പെട്ടെന്ന് പൂക്കാലം വന്നുകയറിയ പൂന്തോട്ടമായി
ഇളകിക്കൊണ്ടിരിക്കുന്നു
വിശുദ്ധനായ ഒരു നീലാകാശം മുകളില്
വെള്ളമേഘങ്ങളുടെ ഒരു ചിരി വരയ്ക്കുന്നു
ബസ്സുകളുടെ ജനല്സീറ്റുകളില് ഇരിക്കുന്നവരുടെ മുഖങ്ങളിലൂടെ
ആനന്ദത്തിന്റെ ഒരു തിര കയറിയിറങ്ങി
കയറിയിറങ്ങിയങ്ങനെ...
എല്ലാ നിരാശകളെയും ഊതിക്കെടുത്തിയ
ഒരു ചിരി എവിടെയും ചിരിച്ചുനില്ക്കുന്നു
മുഷിഞ്ഞ തുണികളും നരച്ചതാടിയുമുള്ള
കറുത്ത പിച്ചക്കാരന്
വെയിലത്തുകത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിനെ
ഓര്മ്മിപ്പിച്ച് ചിരിക്കുന്നു
നാടോടിപ്പെണ്ണുങ്ങളുടെ ഒരു കൂട്ടം
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകാട്ടി ചുവചുവന്ന വായ കാട്ടി
ചിരിക്കുന്നു
പച്ചക്കറി വാങ്ങിക്കുന്നവളും വില്ക്കുന്നവനും ചിരിക്കുന്നു
ചുമട്ടുതൊഴിലാളികള് തലേക്കെട്ടുകള് ഊരിവീശിച്ചിരിക്കുന്നു
അഞ്ചു മീന്കാരന്മാര് നിരന്നിരുന്ന് ചിരിക്കുന്നു
ഇത് വാടിയ വെയിലിന്റെ ഒരു തോട്ടമല്ല
എവിടെ നിന്നോ ഇറങ്ങിവന്ന ആനന്ദത്തിന്
തുള്ളിയോട്ടം
പള്ളിമിനാരത്തില് കൂടുവെച്ച പ്രാവുകളുടെ അരികിലും
കുട്ടികള് നദിയിലേക്ക് ചാടുന്നതുപോലെ ആകാശത്ത്
അത് കുത്തിമറിയുന്നു
ഇത്രനാള് ആരാണ് എവിടെയാണ്
നിന്നെ അടച്ചുവെച്ചതെന്ന്
എനിക്കതിനോട് ചോദിക്കണമെന്നുണ്ട്..
കുടത്തില് നിന്നും പുറത്തുവന്ന ഭൂതമേ
നിന്നെ അടച്ചുവെച്ചിരുന്ന എല്ലാ കുടങ്ങളും
ഉടച്ചുകളയാന് എനിക്കവ കാണിച്ചുതന്നെങ്കില്
എന്നു വിചാരിച്ച് കണ്ണടച്ച് കണ്ണടച്ച്
ഇപ്പോള് കണ്ണു തുറക്കുമ്പോള് ...
കണ്ണുതുറക്കുമ്പോള് ...

കെമ്പന്റെ മകന്

'കെമ്പന്റെ മകനേ
കെമ്പന്റെ മകനേ' എന്ന വിളി കേട്ട്
അയാള് വാതില് തുറന്നപ്പോള്
അതു പറഞ്ഞു:
ഞാനാണ് പൂവന്കോഴിയുടെ കൂവല്
ഈ വെളുപ്പാങ്കാലത്ത്
നീ എന്റെയൊപ്പം വരിക
ഞാന് നിനക്ക് പാടങ്ങള് കാണിച്ചു തരാം.

കെമ്പന്റെ മകന് ഒരു പാനീസു പിടിച്ച്
പൂവന്കോഴിയുടെ കൂവലിനു പിന്നാലെ
ഇടവഴി താണ്ടി പുറത്തേക്കിറങ്ങി.
പൂവന് കോഴിയുടെ കൂവല് മുന്നില് നടന്നു.
അതിന് ഒരാള്പ്പൊക്കമുണ്ട്
വലിയ തലപ്പാവുണ്ട്
അംഗവസ്ത്രം പിന്നില് ഇഴയുന്നുണ്ട്
കെമ്പന്റെ മകന് ആകാശത്തേക്ക് നോക്കി
ഒറ്റ നക്ഷത്രം മാത്രം
നാട്ടിക്കണ്ടങ്ങളില് ഇന്നലെ നട്ട ഞാറ്
ചേറില് അതിന്റെ വേരുപിടിക്കാന്
തവളകളുടെയും ചീവീടുകളുടെയും
മഞ്ഞുനിറമുള്ള പ്രാര്ഥനകള് എല്ലാ വരമ്പുകളിലും
എഴുന്നേറ്റു നടക്കുന്നുണ്ട്.
അവയ്ക്കുമുണ്ട് ഒരു മനുഷ്യനോളം ഉയരം.
അവ അവരെ ശ്രദ്ധിച്ചതേയില്ല.
പൂവന്കോഴിയുടെ കൂവല് ഒരു തോട്ടിറമ്പിലിരുന്നു
കെമ്പന്റെ മകന് അതിന്റെ മുന്നില്
കുന്തിച്ചിരുന്നു.
അതു പറഞ്ഞു:
കെമ്പന്റെ മകനേ
നീയെന്നെ ആദ്യമായാണ് കാണുന്നത്
ഇതുപോലൊരു രാത്രിയിലാണ്
നിന്റച്ഛനും എന്നെ ആദ്യമായി കാണുന്നത്

മണ്ണ് വേരുകളെ ഇറുകെപ്പിടിക്കുന്ന ഒച്ച
മണ്ണിന്നടിയില് നിന്ന് ഞാറുകള്ക്കിടയിലേക്ക്
വിരല് നിവര്ത്തുന്നുണ്ട്

നിന്റച്ഛന് ഈ കണ്ടത്തിലുണ്ട്
നിന്റച്ഛന്റച്ഛനും ഈ കണ്ടത്തിലുണ്ട്
നിങ്ങള് ഉറങ്ങുമ്പോള് അവര് പൂട്ടുന്നു
വിതയ്ക്കുന്നു കൊയ്യുന്നു
വരമ്പത്തിരുന്ന് ചായ കുടിക്കുന്നു

ദൂരെ രണ്ടു കാലുകള് മാത്രം നടക്കുന്നത്
കെമ്പന്റെ മകന് കണ്ടു
അയാള് അവിടേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്
ഒരു തൊപ്പിക്കുടയും കണ്ടു
പൂവന്കോഴിയുടെ കൂവല് അതിനടുത്തുകൂടെ
പോവുന്നതും കണ്ടു
പൊട്ടു പോലെ അത് മറയുന്നതും നോക്കി
അയാള് വരമ്പത്തിരുന്ന് ഉറങ്ങിപ്പോയി
ഉണര്ന്നു നോക്കിയപ്പോള്
അയാള് ഒരു പാടമായി വിളഞ്ഞുകിടക്കുന്നു

മണ്ണിന്നടിയില് ഞങ്ങള് നീന്തിക്കൊണ്ടിരുന്നു...

എന്റെയും അവളുടെയും ശവങ്ങള്
മണ്ണിലേക്ക് കമ്ഴ്ന്ന് കിടന്നു
ഇരുട്ടും ഇലകളും ഞങ്ങളെ മൂടി
ഞങ്ങള് മണ്ണുതിന്നുകൊണ്ടിരുന്നു
വണ്ടുകള് എന്റെ വൃഷണങ്ങള് തുളച്ചു
എലികള് എന്റെ വയറു തുരന്നു
ചെറുജീവികള് എന്റെ മാംസം തിന്നു
ഞാന് മണ്ണിലേക്ക് അമര്ന്നു
വിദൂരത്ത് മണ്ണിലാണ്ടു കിടന്ന അവളുടെ മുലകള്
പ്രാണികള് കടിച്ചുപറിച്ചുകൊണ്ടിരുന്നു
അവളുടെ യോനിയിലെ മാംസം അഴുകിത്തീര്ന്ന്
എല്ലുകളെ വെളിവാക്കിക്കൊണ്ടിരുന്നു
അവളും മണ്ണിലേക്ക് അമര്ന്നു
ഞങ്ങള് വെറും അസ്ഥികൂടങ്ങളായി
എങ്കിലും കമ്ഴ്ന്ന് കിടന്ന കിടപ്പില്
ഞങ്ങള് മണ്ണു തിന്നുകൊണ്ടിരുന്നു
ഭൂമിയുടെ അടിയിലേക്ക്
ഞങ്ങള് ഞങ്ങളെത്തന്നെ
അമര്ത്തിത്താഴ്ത്തിക്കൊണ്ടിരുന്നു
ഞങ്ങള് താണുതാണുപോയി
വലിയ വിടവുകള് കാണായി
ഞാന് ഒരു ദിശയിലേക്ക് കിടന്ന് കിടപ്പില്
മണ്ണിനടിയില് നീന്തിക്കൊണ്ടിരുന്നു
എന്റെ കൈകള് അവളെ തിരയുകയായിരുന്നു
അവള് മറ്റൊരു ദിശയില് കിടന്ന കിടപ്പില്
മണ്ണിനടിയില് നീന്തിക്കൊണ്ടിരുന്നു
അവളുടെ മാംസരഹിതമായ അസ്ഥിക്കൈകള്
എന്നെ തിരയുകയായിരുന്നു
ഞങ്ങള് പരസ്പരം കണ്ടതേയില്ല
ഭൂമിയുടെ അകം മുഴുവന് ഞങ്ങള്
പരസ്പരം തിരഞ്ഞുകൊണ്ടിരുന്നു

ജലം തിരഞ്ഞുവരുന്ന മരവേരുകളെക്കണ്ടു
പച്ചിലകളെ ഓര്മിച്ചു.
തണലുകളെ ഓര്മിച്ചു.
ഭൂമിക്കടിയിലെ ജലധമനികളും സിരകളും കണ്ടു
കിണറുകളെ ഓര്മിച്ചു
ദാഹങ്ങള് കെടുത്തിയ കൈക്കുമ്പിള് വെള്ളത്തെ ഓര്ത്തു
ഉരുകിക്കൊണ്ടിരിക്കുന്ന പാറകളെയും
രൂക്ഷഗന്ധികളായ ധാതുക്കളെയും നീന്തിക്കടന്നു
മണ്ണിട്ടുപോയ കെട്ടിടങ്ങളും വനങ്ങളും നൂറ്റാണ്ടുകളും നീന്തിക്കടന്നു
മറഞ്ഞുകിടക്കുന്ന അഗ്നിപര്വതങ്ങളും ലാവകളും കടന്നു
ഏതോ ഇരുട്ടിലേക്ക് പൊടുന്നനെ വീണുപോയി
ലോകത്തു മരിച്ചു മണ്ണടിഞ്ഞവരുടെ മുഴുവന്
അസ്ഥികൂടങ്ങളും അവിടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു
മഹതികളും മഹാന്മാരും സുന്ദരികളും സുന്ദരന്മാരും
പക്ഷേ എല്ലാം വെളുവെളുത്ത അസ്ഥികൂടങ്ങള്
അവള് ഇവിടെ ഉണ്ടാവും
ഞാന് അവളെ തിരയുകയാണ്
അവള് എന്നെ തിരയുകയാവും
ഞാന് ഓരോരോ അസ്ഥികൂടത്തിന്റെയും
കൈകള് കൂട്ടിപ്പിടിച്ചു
ഓരോ മനുഷ്യായുസ്സിന്റെയും കഥകള്
എന്നിലേക്ക് സംക്രമിച്ചു
ഒരു കൈയും അവളുടെതായിരുന്നില്ല
ഞാന് പലരേയും ചുംബിച്ചു
ഭൂമിയിലെ എല്ലാ വേദനകളും ആനന്ദങ്ങളും
എന്നിലേക്ക് ഇറങ്ങിവന്നു
എങ്കിലും ഒരു ചുംബനവും അവളുടെതായിരുന്നില്ല
നിരര്ഥകപദങ്ങളുടെ ഒരു പാട്ട് ഇറങ്ങിവന്നു
അസ്ഥികൂടങ്ങള് നൃത്തം ചെയ്യാന് തുടങ്ങി
എവിടെ നിന്നോ മധുചഷകങ്ങള് ഇറങ്ങിവന്നു
എല്ലാവരും മദ്യപിച്ചുകൊണ്ടിരുന്നു
എപ്പോഴോ ഞാന് നൃത്തം ചെയ്ത് തളര്ന്നുവീണു
എന്റെ കൈകളില് ആരോ വന്നുപിടിച്ചു.
ഒരു വൈദ്യുതിയുണ്ടായി
ഒരു വെളിച്ചമുണ്ടായി
അത് അവളായിരുന്നു
ഞങ്ങള് വെറും വെളിച്ചമായി
ഭൂമിപിളര്ന്ന് ആകാശത്തേക്ക് തെറിച്ചു
അവളില് നിന്ന് എന്നെയോ
എന്നില് നിന്ന് അവളെയോ
ഇനി കണ്ടെടുക്കാനാവില്ല
വെളിച്ചം എല്ലാ കാഴ്ചകളും പൊട്ടിച്ച്
ഒഴുകിക്കൊണ്ടിരുന്നു.

അകലെ അവ സ്വയം വാര്ത്തുകൊണ്ടിരിക്കുന്നു

നടന്നവയില് നിന്ന്
നടക്കാത്തവയിലേക്ക്
ഒരു പാലമുണ്ട്
നടന്നവയുടെ ഓരോരോ
അലകുകള് അടര്ന്ന്
നടന്നവയുടെ ഓരോരോ
തൂണുകള് അടര്ന്ന്
നടക്കാത്തവയെ തിരഞ്ഞുപോകുന്നു.

ഒടുക്കം, നടന്നവ
വെറും പുരാവസ്തുശേഖരം പോലെ
കാഴ്ചകള്ക്കും ഓര്മ്മകള്ക്കും മാത്രം
പെരുമാറാവുന്ന ഒഴിവുകാല
സന്ദര്ശനസ്ഥലങ്ങളാവുന്നു
നടക്കാത്തവ അപ്പോഴും
അലകുകളും തൂണുകളും
അടിക്കല്ലുകളും അതിലേക്ക്
പ്രവഹിപ്പിച്ചുകൊണ്ടിരിക്കും
എത്ര കുതിരകളെ ഓടിച്ചുപറന്നാലും
നമ്മള് അവിടെ എത്തുകയില്ല.
നദികള്
വനങ്ങള്
സമുദ്രങ്ങള്
പര്വതങ്ങള്
എല്ലാം കടന്ന് നോക്കുമ്പോള്
വിദൂരസ്ഥവും വിജനവുമായ മരുഭൂമിയില്
നടക്കാത്തവ അവയെ സ്വന്തമായി
വാര്ക്കുന്നതു കാണാം.
അവിടേക്കുള്ള പ്രവാഹങ്ങളെ കാണാം.
അപ്പോള് തളര്ന്നുവീഴുന്ന നിങ്ങളെ
ഒരിക്കലും അവിടെ എത്തിക്കുകയില്ലെന്ന
ഒരുറച്ച തണുപ്പ്
നെഞ്ചില് കട്ടിപിടിക്കും.
നിങ്ങളുടെ കണ്ണുകള് മങ്ങും.
വിദൂരതയില്
അവ അവയെ വാര്ത്തുകൊണ്ടിരിക്കും.

ബലാല്സംഗക്കാരന്

പഴയ മനുഷ്യമൃഗം ടൈപ്പ് ജയന്സിനിമയിലെ
ഒരു ബലാല്സംഗക്കാരനാണ് ഞാന്
ആറുവയസ്സുള്ള സ്കൂള്കുട്ടി മുതല്
അറുപതുവയസ്സുള്ള തള്ളയെ വരെ
ഞാന് ബലാത്സംഗം ചെയ്തിട്ടുണ്ട്.
ഞാനും പാര്ശ്വവല്ക്കരിക്കപ്പെട്ട
ഒരു കഥാപാത്രമാണ് സര്
ലൈംഗികത്തൊഴിലാളികള്
കള്ളന്മാര് പിടിച്ചുപറിക്കാര്
എന്നിവരുടെ ആത്മകഥകള്ക്ക്
ഇപ്പോള് നല്ല മാര്ക്കറ്റാണല്ലോ സര്
ഈ നാട്ടില് ബലാത്സംഗം
ചെയ്യുന്നവന് ഒരു വിലയുമില്ലേ സര്
ലൈംഗികത്തൊഴില് പോലെയോ
കവര്ച്ച പോലെയോ അല്ല സര്
ഇതില് നിന്ന് വരുമാനമില്ല സര്
മാത്രമല്ല ഒരു ബലാത്സംഗം
ചെയ്യുന്നതിനു പിന്നിലുള്ള
മനുഷ്യാധ്വാനവും ബുദ്ധിയും
ഇതില് ഏതിനെങ്കിലും
വേണോ സര്?
ചോറ്റാനിക്കര അമ്മയാണേ
മാതാവാണേ
ഇതാ നിങ്ങള് വന്ന്
പൂശിയേച്ച് പൊക്കോ എന്ന്
ഒരു പെണ്ണു പറഞ്ഞാലും
ആ നെറികേട് നമ്മള് ചെയ്യില്ല
സാറിനറിയാഞ്ഞിട്ടാ
ബലാത്സംഗം
ഒരു ക്രിയേറ്റീവ് വര്ക്കാ സാറേ
പരസ്പര സമ്മതത്തോടേയുള്ള
ആ പരിപാടിയില് അതു വല്ലതുമുണ്ടോ സര്?
സാറിനറിയാമല്ലോ
എന്തൊരു ബോറന് പരിപാടിയാണതെന്ന്.
നമ്മളിതൊക്കെ പറഞ്ഞാല്
ചെലവന്മാര് ചൊറിഞ്ഞുവരും
നിനക്കൊന്നും അമ്മേം പെങ്ങന്മാരും
ഇല്ല്യോടാ ന്ന് ചോദിക്കും
അമ്മയും പെങ്ങന്മാരും
ഉണ്ടെന്ന് കരുതി
ആരെങ്കിലും കല്യാണം കഴിക്കാതിരിക്കുന്നുണ്ടോ സര്?
അവനവന് ചെയ്യുന്ന പണിയോട് ഒരു കൂറ് വേണം സര്
പഴയ പോലെ ഇപ്പോ വയ്യ സര്
പുതിയ ചെറുക്കന്മാരില് എനിക്ക് പ്രതീക്ഷയുണ്ട് സര്
എമ്മാതിരിപ്പണിയാ അവന്മാരൊക്കെ ചെയ്യുന്നേ
മൊട്ടേന്ന് വിരിയുന്നതിനു മുന്പല്ലേ
അവന്മാരൊക്കെ പണിഞ്ഞു തുടങ്ങുന്നത്
പലതും കേട്ടിട്ട് കൊതിയാവുന്നുണ്ട് സര്
കൊറച്ചുകൂടി വൈകി ജനിച്ചാല് മതിയായിരുന്നു
സാറേ എല്ലാം ഞാന് വിശദമായിപ്പറയാം
എല്ലാ മതത്തില്പ്പെട്ടവരേയും
എല്ലാ ജാതിയില് പെട്ടവരേയും
കറുത്തതിനേയും വെളുത്തതിനേം
ഇരുനിറമുള്ളതിനേം ചുവന്ന് മദാമ്മ പോലുള്ളതിനേം
തടിച്ചതിനേം പൊക്കം കൂടി മെലിഞ്ഞതിനേം
എല്ലാത്തിനേം കൈവെച്ചിട്ടുണ്ട് സര്
നമുക്കങ്ങനെ ജാതീം മതോം ഒന്നുമില്ല.
കരയിലും വെള്ളത്തിലും
ആകാശത്തുവെച്ചുപോലും പണിതിട്ടുണ്ട് സര്.
അതെങ്ങനെയാന്ന് ചോദിച്ചാ
ഒക്കെ പ്പറയാം സര്
എന്റെ ഈ ആത്മകഥ അടിച്ചുവന്നാല്
ഈ നാട്ടില് ബലാത്സംഗക്കാരന്
ഒരു വിലയുണ്ടാവില്ലേ സര്
എനിക്കതു മതി
സാറിനും സാറിന്റെ പത്രത്തിനും
ഗുണമുണ്ടാവും സര്
ഞാനും സാറിനെപ്പോലെ
ഒരു സാംസ്കാരികനായകനാവുമോ സര്
എല്ലാം ഞാന് വിശദമായിപ്പറയാം സര്
ബാലാത്സംഗത്തിന് കൃത്യമായ പ്ലാനിങ്
ടൈമിങ് ഒക്കെ വേണം സര്
എന്തെങ്കിലും ഒന്ന് തെറ്റിയാല്
ജീവിതം തന്നെ കോഞ്ഞാട്ടയാവും സര്
ഇതിപ്പോ ആത്മകഥ വന്നാല് പിന്നെ
ഞാന് എടങ്ങേറാവുമോ സര്?
അതൊന്നുമല്ല
ഈ പുതിയ പെങ്കൊച്ചുങ്ങളൊക്കെ
എന്നെയൊന്ന് ബലാത്സംഗം ചെയ്തു തരൂ ചേട്ടാ എന്ന്
ക്യൂ നില്ക്കില്ലേ സര്?

പട്ടിണി കിടന്നും
വെയിലുകൊണ്ടും
മഴ നനഞ്ഞും
രാപകലില്ലാതെ പിന്നാലെ നടന്നുമൊക്കെ
എത്ര കഷ്ടപ്പെട്ടിരിക്കുന്നു സര്
ചില ബലാല്സംഗങ്ങള്ക്കായ്
ആരെങ്കിലും കാണുന്നുണ്ടോ സര് ഇതൊക്കെ
സാറിനെങ്കിലും ഇപ്പോള് തോന്നിയല്ലോ സര്
സാറിനെ ദൈവം രക്ഷിക്കും(ബലാത്സംഗം ചെയ്യും)സര്

സാറിന്റെ വീട്ടില് ആരെയെങ്കിലും
ബലാത്സംഗം ചെയ്യാനുണ്ടെങ്കില് പറയണേ സര്
എത്ര വയ്യെങ്കിലും ഞാന് വരും സര്
എന്നെ വിശ്വസിക്കണം സര്

ഞാന് ചോദിച്ചിട്ട് പറയുന്നില്ല /വിഷ്ണുപ്രസാദ്

2011/
സെപ്റ്റംബര് 18/
രാവിലെ 8.30/
സുല്ത്താന് ബത്തേരി/

അയാള് അവളെക്കുറിച്ച്
വിചാരിച്ചുകൊണ്ടിരിക്കുന്നു
-------------------------------------
2011/
സെപ്റ്റംബര് 18/
രാവിലെ 8.30
പാലക്കാട് ജില്ലയിലെ
കൂടല്ലൂര്

അവള് അയാളെക്കുറിച്ച്
വിചാരിച്ചുകൊണ്ടിരിക്കുന്നു
-----------------------------------------

ഒരേ സമയത്ത്
രണ്ടാളും ഇങ്ങനെ
പരസ്പരം ഓര്ത്തിരിക്കുകയാണെന്ന്
അവര് എങ്ങനെ അറിയും

അറിഞ്ഞാല് ...?

ഒരോര്മ്മ മറ്റൊരോര്മ്മയില് ചെന്ന്
മുട്ടിനിന്നാല് ?
ഓര്മകള്ക്ക് എന്തു ചെയ്യാനാവും ജീവിതത്തെ?
ഓര്മകള് വെറും നദികള്
അവ ചുമ്മാ എല്ലാവരില് നിന്നും ഇറങ്ങി
അദൃശ്യമായി ഒഴുകുന്നു
വളയുന്നു,പുളയുന്നു,കൂട്ടിമുട്ടുന്നു.
പരസ്പരം കാണുന്നതിനെപ്പറ്റി അവര്
പറയുന്നതേയില്ല.

ആയിരം മനുഷ്യരുടെ ഓര്മകള്
ആയിരം നദികള്
പതിനായിരം മനുഷ്യരുടെ ഓര്മകള്
പതിനായിരം...
ഒരേ സ്ഥലത്ത്
ഒരേസമയം
കൂട്ടിമുട്ടുന്നു.
ഒന്നുചേരുന്നു.
എങ്ങോട്ടോ
ഒഴുകിപ്പോവുന്നു
എങ്ങോട്ടോ(ഞാന് ചോദിച്ചിട്ട് പറയുന്നില്ല)

പെരുമാറ്റം / വിഷ്ണുപ്രസാദ്

ആരും ചവിട്ടിയരയ്ക്കേണ്ടെന്ന്
ഒരു കോലെടുത്ത് തോണ്ടുമ്പോഴേക്കും
മരിച്ചുപോകും പുഴു.
ഭംഗി കണ്ട് മോഹിച്ച് ഒന്ന് പിടിച്ചതേയുള്ളൂ
ചിറകു മുറിഞ്ഞ് പറക്കാതായീ ശലഭം
പെരുമാറാന് പഠിക്കുമ്പോഴേക്കും
എത്ര വേദനകളെ തുറന്നിടുന്നു ജീവിതം

തീ /വിഷ്ണുപ്രസാദ്

തീ പിടിച്ച ഒരു തീവണ്ടി
നഗരത്തിലൂടെ അലറിപ്പാഞ്ഞു പോകുന്നു.
നമ്മള് അതു കാണുന്നു.
എല്ലാ നഗര ജനാലകളും കാണുന്നു.
എല്ലാ തെരുവുകളും അതു കാണുന്നു.
എല്ലാ സ്റ്റേഷനുകളും അതു കാണുന്നു.
അതു പോയിക്കഴിഞ്ഞിട്ടും...(ഇല്ല
അതു പോയിക്കഴിഞ്ഞിട്ടില്ല,
അതിപ്പോഴും നഗരത്തിലൂടെ ഓടുന്നു.)
അതു തന്നെ
നോക്കുന്നിടത്തൊക്കെ കാണുന്നു.
അതു പോകുമ്പോള്
നദിയിലെ ജലം ജ്വാലകള് നിറഞ്ഞ ഒരു ചിത്രം

ഒരു ജനക്കൂട്ടം മരണത്തിന്റെ വേട്ടപ്പട്ടികളുമായി
നിരത്തുകളിലൂടെ ഒഴുകിവരുന്നു.
ഓരങ്ങളിലെ എല്ലാ കെട്ടിടങ്ങളില് നിന്നും
ഒരേ നിലവിളി തീപിടിച്ച് ചാടുന്നു.
വളഞ്ഞുവെക്കപ്പെട്ട താമസസമുച്ചയത്തില്
ഒരാള് ഫോണ് വിളിച്ചുകൊണ്ടേയിരിക്കുന്നു
വീട്ടിലുള്ള പണം മുഴുവന് താഴേക്ക് വീതറുന്നു
എന്നിട്ടും അയാള് പിടിക്കപ്പെടുന്നു.
ജനക്കൂട്ടം അയാളെ അടിച്ചടിച്ച് കൊല്ലുന്നു
പെണ്ണുങ്ങളില് നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു
അപ്പോള് രക്ഷപ്പെടാന് ശ്രമിച്ച്
വാട്ടര്ടാങ്കില് ചാടിയ കുട്ടികളില് നിന്ന്
ജീവന്റെ അവസാനകുമിളകള്
മുകള്പ്പരപ്പില് വന്നുപൊട്ടുന്നു.

എണ്ണമറ്റ ബലാല്ക്കാരങ്ങളാല്
കൊല്ലപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങളില് നിന്ന്
ഒരു തണുത്ത കാറ്റ് ഇറങ്ങിവരുന്നു.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ
അടക്കിപ്പിടിച്ച ഒരു കരച്ചില്
ഇറങ്ങിവരുന്നു.
എല്ലാ ശവങ്ങളും കൂട്ടിയിട്ട്
പെട്രോളൊഴിച്ച് കത്തിച്ചിട്ടും
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്ഥിച്ചിട്ടും
ഈ നഗരത്തില് നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന് വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.
മരിച്ചിട്ടുണ്ടെന്ന ഭാവമേയില്ല
തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും
................
-----------------------------------------------------------------------------------------------
കടപ്പാട്:മലയാളത്തിലെ മുഖ്യധാരാമാസികകളില് നിന്ന് വായിച്ച ചില
അനുഭവവിവരണങ്ങള് ഈ എഴുത്തില് ഓര്മ്മയില് നിന്ന് ഏതാണ്ട്
അതേപടി സ്വീകരിച്ചിട്ടുണ്ട്.ലേഖനങ്ങളുടെയും ലേഖകന്റെയും പേര്
ഓര്ക്കാന് കഴിയാത്തതില് ഖേദിക്കുന്നു.
http://en.wikipedia.org/wiki/Ehsan_Jafri

http://www.ndtv.com/news/india/the-gulbarg-society-massacre-what-happened-17556.php

ആരാധന

കൂട്ടരേ,അപ്പോള് പറഞ്ഞുവന്നത്
എന്താണെന്നുവെച്ചാല്
അവന് ജനിച്ചിട്ടില്ല;
ജനിക്കാന് അവനു ഭയമാണ്.
അവന് മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്

കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്ക്ക് പറയേണ്ടിവരുന്നു.
അവന് നിങ്ങളെ കാണിക്കുകയില്ല
കേള്ക്കുന്നത് മുഴുവന്
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള് വിശ്വസിക്കും.
അവന് കേള്പ്പിക്കുകയില്ല.
അത്രമേല് ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത(അല്ലെങ്കില്
തനിക്കിട്ട് പണിതരുമെന്ന്)
ഇത്ര വിശ്വാസമുള്ള
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന് ഒളിച്ചുകഴിയുന്നു.
എല്ലാം അവന് ചെയ്യുന്നു.
പൂക്കളെ വിടര്ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന് നമ്മളെയും...

ഗെയിം

പുതിയ കവിത ഗെയിം ഇവിടെ
വായിച്ച് അഭിപ്രായിക്കുമല്ലോ...:)

ഉന്തുന്തുന്തുന്തുന്ത്...


ഒരു നട്ടുച്ചയ്ക്ക്
വാഹനങ്ങള് കൂടിക്കൂടി
നഗരത്തിലെ എല്ലാ റോഡുകളും
നിശ്ചലമായി.

ആളുകള് തിങ്ങിത്തിങ്ങി
കടകളും ഹോട്ടലുകളും തീയേറ്ററുകളും
നിശ്ചലമായി

കിഴക്കോട്ടു പോകേണ്ടവരും
പടിഞ്ഞാട്ടു പോകേണ്ടവരും
തെക്കോട്ടു പോകേണ്ടവരും
വടക്കോട്ടു പോകേണ്ടവരും
പരസ്പരം തള്ളിക്കൊണ്ടേയിരുന്നു.
കുഞ്ഞുകുട്ടികള് കുഴിയില് വീണവരെപ്പോലെ
ശ്വാസം കിട്ടാതെ കരഞ്ഞൂ.

സ്റ്റേഷനുകളില് നില്ക്കുന്ന വാഹനങ്ങളില് നിന്ന്
ഒരാള്ക്കും ഇറങ്ങാന് പറ്റുന്നില്ല.
ഒരാള്ക്കും കയറാന് പറ്റുന്നില്ല.
മാംസമതില്...
എങ്കിലും ആഗ്രഹങ്ങളും ആവശ്യങ്ങളും
അതിനെ ഉലച്ചുകൊണ്ടിരുന്നു
അനേകം തലകളും കൈകളും കാലുകളുമുള്ള
ഒരു ജന്തുവായി നഗരം
അതിന്റെ മാംസപ്പരപ്പ് തിരയടിച്ചുകൊണ്ടിരുന്നു
തള്ളല്ശക്തി കൂടിക്കൂടിവന്നു
കിഴക്കോട്ടുള്ളവര് കിഴക്കോട്ട്
വടക്കോട്ടുള്ളവര് വടക്കോട്ട്
പടിഞ്ഞാട്ടൂള്ളവര് പടിഞ്ഞാട്ട്
തെക്കോട്ടുള്ളവര് തെക്കോട്ട്
ഉന്തിക്കൊണ്ടിരുന്നു
തോറ്റാലും പിന്വാങ്ങാനാവില്ല
ചൂട്,വിയര്പ്പ്,ശാരീരികവിഷമതകള്
ഒന്നുംവകവെക്കാതെ
നാലുഭാഗത്തുനിന്നും
ഒറ്റ ഉന്ത് ,ഒരേ സമയം
ആളുകളും വാഹനങ്ങളും കെട്ടിടത്തലകളും
വിദൂര ഗ്രാമങ്ങളിലേക്ക് ചിതറി
ഒഴിഞ്ഞുകിട്ടിയ സ്ഥലത്തേക്ക്
അനങ്ങാതെ കിടന്ന വാഹനങ്ങള് അനങ്ങി
ആളുകള് നടന്നു.
നഗരം ഒരു ദീര്ഘനിശ്വാസം വിട്ടു.

കാക്കയുടെ ഇറച്ചി


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ്   ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

ആയം


ചുള്ളിക്കമ്പില് നിന്ന്
കിളി ഇപ്പോള് പറന്നു
പറക്കുന്നതിന്റെ ആയത്തിന്
ആഞ്ഞുചവിട്ടിയതുകൊണ്ട്
ചുള്ളിക്കമ്പ് മണ്ണിലേക്ക് പൊട്ടിവീണു
പറന്നുപൊങ്ങുന്ന കിളിയെ
ഒരായത്തിന് ചവിട്ടി
ജീവന് പിന്നെയും പറന്നപ്പോള്
കിളിയും ഈ മണ്ണില് വീണു.
ജീവനില് ഒരായത്തിന് ചവിട്ടി
#*&%!!പറന്നുപോയി.
ഉടനെ ഭൂമിയിലെ എല്ലാ
ഗര്ഭപാത്രങ്ങളിലും ഒരു ജീവന്
വന്നു വീണു...

ശവത്തോടൊപ്പം നമ്മള് ലിഫ്റ്റിറങ്ങുകയാണ്




ആര്.സി.സി യുടെ ആറാം നിലയില് നിന്ന്
നമ്മള് ലിഫ്റ്റ് വഴി താഴേക്ക് വരികയാണ്
നമ്മളോടൊപ്പം കൃഷ്ണന്റെ അമ്മായിയമ്മയുടെ
ശവമുണ്ട്-ക്യാന്സറായിരുന്നു
ലിഫ്റ്റിനകത്ത്കുത്തനെ നില്ക്കുന്നു നമ്മള്
നമുക്കിടയില് തിരശ്ചീനമായി കിടക്കുന്നു ശവം
ലിഫ്റ്റ് നമ്മളെയും കൊണ്ട് താഴേക്ക് പോകുന്നു.
നമ്മള് താഴെ എത്തുന്നതേയില്ല.
രാത്രി മരണവിവരമറിഞ്ഞെത്തിയ ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില് മടങ്ങുകയാണ്.
അപ്പോഴും നമ്മളെയും കൊണ്ട് ലിഫ്റ്റ് താഴേക്ക് വരികയാണ്.
നമ്മളാരും മിണ്ടുന്നില്ല.
നമുക്കിടയില് അത് നീണ്ടു നിവര്ന്നു കി ടപ്പുണ്ട്.
ഗ്രൌണ്ട്ഫ്ലോര് ഒരിക്കലും എത്തിച്ചേരുകയില്ല.
തിരുവനന്തപുരത്തു നിന്ന് ശവത്തേയും ബന്ധുക്കളേയും കൂട്ടി
പട്ടാമ്പിയിലേക്കു പോവുന്നുണ്ട് ആമ്പുലന്സ്
അപ്പോഴും ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില് പോവുകയാണ്
അത് ഒരിക്കലും എത്തിച്ചേരുന്നില്ല തമ്പാനൂരില്
അപ്പോഴും ശവത്തോടൊപ്പം നമ്മള് ലിഫ്റ്റിറങ്ങുകയാണ്.
നമ്മള് പരസ്പരം നോക്കുന്നുപോലുമില്ല
നമ്മുടെ ശ്വാസങ്ങള് നമ്മുടെ മുഖത്ത്
ഭീതിയോടെ വന്നുവീഴുന്നുണ്ട്.
അപ്പോള് ഞാനും ശബരീഷും
ആറാം നിലയില് മരിച്ചുകിടക്കുന്ന രോഗിയെ കാണാന്
ലിഫ്റ്റ് വര്ക്ക് ചെയ്യാത്തതിനാല് പടികള് കയറിപ്പോവുകയാണ്
ഒരു നിലയിലും മനുഷ്യച്ചെത്തമില്ല.
അരണ്ടവെളിച്ചം വിരണ്ടു നില്ക്കുന്നു.
ഓരോ നിലയും ഭയത്തിലേക്കു തുറന്നുകിടന്നു.
ഞങ്ങള് കയറിക്കൊണ്ടിരുന്നു.
ഒന്നാം നില
രണ്ടാം നില
.................
ആറാം നില
പാലിയേറ്റീവ് കെയര് യൂണിറ്റ്
ആരുമില്ല.
ഇപ്പോള് ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില് നിന്നിറങ്ങി
ഓരോ സിഗരട്ട് വലിക്കുകയാണ്
അപ്പോള് ആമ്പുലന്സ് അതിന്റെ
അത്യാഹിത ഒച്ചയുമായി മരണവീട്ടിലേക്കു പോവുകയാണ്
അപ്പോഴും താഴെ എത്താത്ത ലിഫ്റ്റില്
ശവത്തോടൊപ്പം നമ്മള് ഇറങ്ങിക്കൊണ്ടിരിക്കുകയാണ്

വല്യേച്ചിയുണ്ടായിരുന്നപ്പോള് വീട്


വല്യേച്ചിയുണ്ടായിരുന്നപ്പോള്
വീട് ഒരുകുരുവിക്കൂട്
എല്ലാ മുറികളിലും ഒച്ചപ്പാടുകളുടെ വെളിച്ചം
പുറത്തുനിന്ന് നോക്കുമ്പോള് തന്നെ കാണാം
അലയടിക്കുന്ന ജീവിതാനന്ദം

ഓരോ പ്രഭാതത്തിലും അടുക്കളപ്പിന്നില്
എച്ചില്പ്പാത്രങ്ങള് കലമ്പും
കാക്കകള് പങ്കുചോദിച്ചുവരും
മുറ്റമടിക്കുമ്പോള് ചൂലുണ്ടാക്കുന്ന ഒച്ചകള്
അര്ധവൃത്താകാരത്തില് മുറ്റമാകെ പതിയും
കിണറ്റിന് കരയില് വല്യേച്ചി നില്ക്കെ
കേള്ക്കാം കപ്പിക്കരച്ചില്
കിണറ്റിലേക്കോടുന്ന തൊട്ടിച്ചെത്തം
വരുവാനിഷ്ടമില്ലെന്നുള്ള
വെള്ളത്തിന് തുളുമ്പിവീഴ്ചകള്
വെയില് ചായുമ്പോള് തുടങ്ങും പേന്നോട്ടം
വെയില്പോലുംവല്യേച്ചിക്ക്തലകാട്ടും.

വല്യേച്ചിയുള്ളപ്പോഴെന്നും
കുളിമുറിയില് ഒരു മുടിയുണ്ട
വഴക്കടിച്ചുനില്ക്കും
കണ്ണാടിവെച്ച ചുമരില്
കണ്മഷിയും കുങ്കുമവും ചേര്ന്ന
വല്യേച്ചിയുടെ വിരല്പ്പാടുകള്
ഒരു പൂന്തോട്ടച്ചിത്രമെന്ന്തോന്നും

വല്യേച്ചി പോയതില്പ്പിന്നെ
എല്ലാമുറികളിലും ഇരുട്ടുകൂടി
ഒരു മൌനം വളര്ന്നുവളര്ന്ന്
തൊടിയിലെ കിളികളുടെ
പാട്ടുകള് വരെ തിന്നു.
കാറ്റ് മരക്കൊമ്പുകളെ മറന്നു.
അണ്ണാരക്കണ്ണന്മാരുടെ
ചില്ലയില്നിന്ന് ചില്ലയിലേക്കുള്ള
ഓട്ടമില്ല.
മുറ്റതെ പനിനീര്ത്തോട്ടം കാടുമൂടി.
ഒരുപൂവും നീട്ടാതെ മുള്ളുകള്
കാട്ടി നില്ക്കുന്നു അത്...

അയയില് നനച്ചിട്ട ഒരു പാവാട
കാറ്റത്ത് ഒച്ചപ്പെടുന്നുവെന്ന് തോന്നും
ആളുകള് പതുങ്ങിനില്ക്കുമ്പോലെ
ഒച്ചകളും പതുങ്ങിനില്ക്കുന്നുണ്ടാവാം..
അയയില് ഒന്നുമുണ്ടാവില്ല.
കുട്ടിക്കൂറയുടേയോ ചന്ദ്രികയുടേയോ മണം
ഇപ്പോള് വേലിയില് പടര്ന്നു നില്ക്കുന്ന
മുല്ലപ്പൂക്കളോട് തര്ക്കത്തിന് പോകില്ല.

എന്നാലും അളിയന്റെ സമ്മതംവാങ്ങി
ഒരു ദിവസം വല്യേച്ചി വിരുന്നു വരും
അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില് പിടിച്ച്
കാറ്റ് തിരിച്ചു വരും
വളകിലുക്കങ്ങളില് നിന്ന് കിളികള്
പാട്ടുകള് തിരിച്ചെടുക്കും.
അണ്ണാരക്കണ്ണന്മാര്
ഒറ്റദിവസത്തേക്ക് തിരിച്ചുവരും.
കണ്ണാടിയും കുളിമുറിയും
അനസൂയയും പ്രിയംവദയുമായി
വര്ത്തമാനങ്ങള് ചോദിക്കും.
അടുപ്പ്ശ്വാസം തിരിച്ചറിഞ്ഞ്
ആളിക്കത്തും
വൈകുന്നേരം പോകുമ്പോള്
കണ്ണുനിറയും
എല്ലാര്ക്കും...

To listen you must install Flash Player.